ബംഗ്ലാദേശിൽ സംഘർഷം കനക്കുന്നു; ഇന്ത്യക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

ധാക്ക: ബംഗ്ലാദേശിൽ യുവനേതാവിന്‍റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ഇന്ത്യക്കാരനായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മൈമെൻസിങ് ജില്ലയിലെ ഭലുക ഉപസിലയിൽ വ്യാഴാഴ്ച രാത്രിയാണ് ദീപു ചന്ദ്ര ദാസ് (30) ആണ് മരിച്ചത്.

ഇസ്‌ലാം മതത്തെയും പ്രവാചകനെയും അപമാനിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ.മൈമെൻസിങിലെ പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ദീപു. ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഫാക്ടറിയിൽ നടന്ന ചടങ്ങിൽ പ്രവാചകനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ഫാക്ടറിയിലെ മറ്റ് തൊഴിലാളികളും പുറത്തുനിന്നുള്ളവരും ചേർന്ന് ദീപുവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ് ദീപു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നിലവിൽ മൃതദേഹം പൊലീസ് കസ്റ്റഡിയിലാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവത്തെ ശക്തമായി അപലപിച്ചു. പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വ്യകതമാക്കി. വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും പൗരന്മാർ വിട്ടുനിൽക്കണമെന്നും സർക്കാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുസ്ലീം നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഉടനീളം വൻ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറുന്നതിനിടെയാണ് കൊലപാതകം. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ച ഹാദി, കടുത്ത ഇന്ത്യ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടയാളാണ്. ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ ഓഫീസുകൾക്കും ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതിക്കും നേരെ അക്രമം ഉണ്ടായി

Tags:    
News Summary - Mob lynching in Bangladesh again; indian man beaten to death and body set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.