1. ഫ്യൂച്ചർ ഇൻവെസ്റ്റ് ഇനീഷ്യേറ്റിവ് ആറാം സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ റിയാദിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ എഫ്.ഐ.ഐ സി.ഇ.ഒ റിച്ചാർഡ് ആറ്റിയോസ് സംസാരിക്കുന്നു, 2. വാർത്തസമ്മേളനം
റിയാദ്: ഫ്യൂച്ചർ ഇൻവെസ്റ്റ് ഇനീഷ്യേറ്റിവിന്‍റെ ആറാമത് ഉച്ചകോടി ഈ മാസം 25 മുതൽ 27വരെ റിയാദിൽ നടക്കും. വലിയ പ്രാധാന്യമുള്ള വിഷയങ്ങളാണ് സമ്മേളനം പരിഗണിക്കുന്നതെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ് ഇനീഷ്യേറ്റിവ് (എഫ്.ഐ.ഐ) സി.ഇ.ഒ റിച്ചാർഡ് ആറ്റിയോസ് പറഞ്ഞു. റിയാദ് കൺവെൻഷൻ സെന്‍ററിൽ സൗദി പ്രസ് ഏജൻസി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാദിലെ കിങ് അബ്ദുൽ അസീസ് കൺവെൻഷൻ സെന്‍ററിൽ 'മനുഷ്യത്വത്തിൽ നിക്ഷേപിക്കുക - ഒരു പുതിയ ലോകക്രമം സാധ്യമാക്കുക' എന്ന ശീർഷകത്തിലാണ് ഉച്ചകോടി നടക്കുക. അന്തർദേശീയവും ഉന്നത ഗൗരവമുള്ളതുമായ വിഷയങ്ങൾ ചർച്ചചെയ്യും.ആറാമത് ഉച്ചകോടിയിൽ 6,000 പേർ പങ്കെടുക്കും. ഒരേസമയം നടക്കുന്ന 180 സെഷനുകളിൽ 500 പേർ പ്രഭാഷണം നടത്തും.
മൂന്നു ദിവസങ്ങളിലായി 30 വർക്ക്ഷോപ്പുകളും നാല് മിനി ഉച്ചകോടികളുമുണ്ടാകും. സുസ്ഥിര വിജയത്തെ സന്തുലിതമാക്കുക, ലോകത്ത് ജിയോ ഇക്കണോമിക്സും സമത്വവും ശക്തിപ്പെടുത്തുക, കോവിഡ് കാലത്തിനു മുമ്പുള്ളതിലേക്ക് ലോകത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ ലോക നേതാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, അപരിഹാര്യവും അപ്രതീക്ഷിതവുമായ വെല്ലുവിളികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ആറാം പതിപ്പിൽ ചർച്ച ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു.
ആദ്യ ദിവസത്തെ സെഷനുകളിൽ ലോകജനസംഖ്യയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ഒരുകൂട്ടം നൊബേൽ സമ്മാന ജേതാക്കൾ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. പുതിയ ലോകക്രമം ഉയർത്തുന്ന വെല്ലുവിളികളും ചർച്ച ചെയ്യും. സമ്മേളനത്തിന്‍റെ രണ്ടാം ദിവസത്തെ അജണ്ടയിൽ 'ന്യൂ എനർജി എക്കണോമി' എന്ന ഉച്ചകോടി ഉൾപ്പെടുമെന്നും റിച്ചാർഡ് ആറ്റിയോസ് വെളിപ്പെടുത്തി.
സാമ്പത്തിക മേഖലയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും നിലവിലെ അവസ്ഥയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ മുതിർന്ന പ്രഭാഷകരും പങ്കെടുക്കുമെന്നും സി.ഇ.ഒ പറഞ്ഞു.സൗദി പ്രസ് ഏജൻസി പ്രസിഡൻറ് ഫഹദ് ബിൻ ഹസൻ ആലു അഖ്‌റാൻ, എഫ്.ഐ.ഐ നേതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
റിയാദ്: ലോകവും മനുഷ്യരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കുള്ള പരിഹാരം തേടുന്ന ഉച്ചകോടിയിൽ പത്തിലധികം സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും. ലോകത്തെ പ്രമുഖ രാഷ്ട്രനേതാക്കളും വ്യവസായ പ്രമുഖരും ചിന്തകരും നൊബേൽ സമ്മാന ജേതാക്കളും സി.ഇ.ഒമാരുമാണ് ഉച്ചകോടിയിൽ സംസാരിക്കുന്നത്. ഇന്ത്യയിൽ നിന്നും വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി സമ്മേളനത്തിലെ പ്രധാന പ്രഭാഷകനാണ്. ഉച്ചകോടിയുടെ മീഡിയ പാർട്ട്ണറായ മീഡിയ വണിന്റെ സി.ഇ.ഒ റോഷൻ കക്കാട്ടും സമ്മേളനത്തിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.