തെൽഅവീവ്: ഫലസ്തീനിലെ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്ന കൊടുംക്രൂരതക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഇസ്രായേൽ പരസ്യമായി വിരട്ടിയിട്ടും പിന്മാറാതെ അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്. ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗ്രേറ്റ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്തു. ഫലസ്തീനൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത വിവരിച്ച്, ഗ്രേറ്റ നേതൃത്വം നൽകുന്ന ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന പ്രസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയും അവർ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ ഫലസ്തീനും ഗസ്സയ്ക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഇസ്രായേൽ ഗ്രേറ്റക്കെതിരെ രംഗത്തുവന്നിരുന്നു. ഇസ്രായേൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽനിന്ന് അവർക്കെതിരെ പോസ്റ്റിടുകയും ചെയ്തു. ‘ഗസ്സയ്ക്ക് പിന്തുണ അറിയിച്ചതോടെ മാതൃകാ വ്യക്തിത്വമാകാനുള്ള അർഹത ഗ്രേറ്റ നഷ്ടപ്പെടുത്തിയിരിക്കുകയാണ്’ എന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം. സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കംചെയ്യുമെന്ന് ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഈ വിരട്ടലിലൊന്നും പതറാതെ ഗ്രേറ്റ ഇന്ന് വീണ്ടും സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയായിരുന്നു. ‘ഫലസ്തീന് നീതി ലഭ്യമാക്കണം’, ‘നിർത്തൂ വംശഹത്യ’ ‘സ്വതന്ത്ര ഫലസ്തീൻ’ തുടങ്ങിയ ബോർഡുകൾ കൈകളിലേന്തിയുള്ള ഫോട്ടോയാണ് ഗ്രേറ്റ എക്സിൽ പോസ്റ്റ് ചെയ്തത്. #FridaysForFuture #ClimateStrike #StandWithPalestine #StandWithGaza എന്നീ ടാഗുകളോടെയായിരുന്നു പോസ്റ്റ്.
ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശീയ ഉന്മൂലനത്തെ കാലാവസ്ഥാ നീതി പ്രസ്ഥാനം എന്ന നിലയിൽ തങ്ങൾ അപലപിക്കുന്നതായി ഗ്രേറ്റയുടെ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ പ്രസ്താവനയിൽ പറഞ്ഞു.
‘ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ഇസ്രായേലിനെ വർണ്ണവിവേചനംപുലർത്തുന്ന രാഷ്ട്രമായാണ് നിർവചിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളും വംശഹത്യസാധ്യതയും നിലനിൽക്കുന്നുണ്ടെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. അധിനിവേശത്തിനും ഉപരോധത്തിനും കൊളോണിയലിസത്തിനും എതിരെ ഞങ്ങൾ ഫലസ്തീനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞതുപോലെ ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയിൽനിന്ന് നടന്നതല്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇസ്രായേലും ഹമാസും നടത്തുന്ന എല്ലാ യുദ്ധക്കുറ്റങ്ങളെയും സിവിലിയന്മാർക്കെതിരായ അക്രമങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. സിവിലിയൻമാരുടെ സംരക്ഷണം പ്രധാന മുൻഗണനയായിരിക്കണം, ഫലസ്തീനികൾക്ക് നീതി ലഭിക്കുകയും അടിച്ചമർത്തലില്ലാതെ ജീവിക്കുകയും വേണം. മാധ്യമങ്ങളിലും സ്വീഡിഷ് സർക്കാരിൽ നിന്നും സമൂഹത്തിൽ പൊതുവെ കാണുന്ന യഹൂദവിരുദ്ധ, ഇസ്ലാമോഫോബിക് പ്രചാരണങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽ നിന്നും ഞങ്ങൾ ശക്തമായി അകലം പാലിക്കുന്നു’ -ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ വ്യക്തമാക്കി. ഉടനടി വെടിനിർത്തൽ, സാധാരണക്കാരുടെ സംരക്ഷണം, മാനുഷിക സഹായം എത്തിക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് ഫലസ്തീൻ വിഷയത്തിൽ തങ്ങൾ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നതെന്ന് സംഘടന അറിയിച്ചു.
ഒക്ടോബർ 20ന് ഫലസ്തീനും ഗസ്സയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഗ്രേറ്റയുടെ പോസ്റ്റാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. 'ഇന്ന് ഫലസ്തീനും ഗസ്സയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിർത്തലിന് ലോകം ഉറക്കെ ആവശ്യപ്പെടണം, ഫലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽപെട്ട എല്ലാവരുടെയും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ലോകം സംസാരിക്കണം' എന്നായിരുന്നു ഗ്രേറ്റയുടെ പോസ്റ്റ്. സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്ന ചിത്രവും ഗ്രേറ്റ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. FreePalestine, IStandWithPalestine, StandWithGaza തുടങ്ങിയ ഹാഷ്ടാഗുകളോടെയായിരുന്നു അന്നത്തെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.