കൈ നീട്ടി മോദി, കൈകൊടുക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഹസ്തദാന വിഡിയോ വൈറൽ

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തതദാനം ചെയ്യാതെ ഒഴിഞ്ഞുമാറുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കൾക്കും ഹസ്തദാനം ചെയ്ത മാക്രോൺ, തനിക്കു നേരെ കൈ നീട്ടിയ മോ​ദിയെ കാണാത്ത മട്ടിൽ അടുത്തയാൾക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതേതുടർന്ന് ചമ്മൽമാറ്റാൻ മോദി ആളുകൾക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.

പാരീസിൽ നടന്ന എ.ഐ ആക്ഷൻ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതിൽ മാക്രോണിന്റെ വംശീയ ബോധത്തെ എതിർത്തും മോദിയെ പരിഹസിച്ചും നിരവധി ​പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങൾക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ കുറിച്ചത്.

അതേസമയം, വേദിയിലെത്തും മുമ്പ് മോദി​യും മാക്രോണും ഹസ്തദാനം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തിരുന്നുവെന്ന് ​ഫോട്ടോകളും വിഡിയോകളും പങ്കുവെച്ച് മറുപടി നൽകുന്നുണ്ട്. രണ്ട് നേതാക്കളും നേരത്തെ ഹസ്തദാനം നടത്തിയിരുന്നുവെന്നും ഒരുമിച്ച് കോൺഫറൻസ് ഹാളിൽ പ്രവേശിച്ച് മറ്റ് വിശിഷ്ട വ്യക്തികളുമായി ഇടപഴകിയിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ തിങ്കളാഴ്ച പാരീസിൽ എത്തിയതിനുപിന്നാലെ, മോദിയടക്കം മറ്റ് ലോക നേതാക്കൾക്ക് വേണ്ടി മാക്രോൺ അത്താഴവിരുന്നു സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് ഇരുവരും ആലിംഗനം ചെയ്യുകയും സംഭാഷണം നടത്തുകയും ചെയ്തിരുന്നു.

സൈബർസുരക്ഷ, തെറ്റായ വാർത്തകളുടെ പ്രചാരണം, ഡീപ്ഫേക് എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർമിത ബുദ്ധിയുടെ നിയന്ത്രണത്തിനും പ്രോത്സാഹനത്തിനും ആഗോളതലത്തിൽ ചട്ടക്കൂട് രൂപവത്കരിക്കണമെന്നും ‘എ.ഐ ആക്ഷൻ ഉച്ചകോടി’യിൽ സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു. പാരിസിൽ ഉച്ചകോടി സമാപന ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐയുടെ പരിമിതികളെയും പക്ഷപാതിത്വത്തെയും കരുതിയിരിക്കണം. രാഷ്ട്രീയ സംവിധാനങ്ങളെയും സമ്പദ്‍വ്യസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും എ.ഐ മാറ്റിമറിക്കുകയാണെന്നും മോദി പറഞ്ഞു. എ.ഐ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും വിശ്വാസ്യതയുണ്ടാക്കുന്നതിനും ആഗോള ചട്ടക്കൂട് അനിവാര്യമാണ്. ഇതോടൊപ്പം, പുത്തനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള നന്മക്കായി അവയെ ഉപയോഗപ്പെടുത്തുന്നതിനും ശ്രദ്ധ ചെലുത്തണം. സാങ്കേതിക വിദ്യയെ ജനാധിപത്യവത്കരിച്ച് ജനകേന്ദ്രീകൃത ആപ്ലിക്കേഷനുകളാണ് വികസിപ്പിക്കേണ്ടത്. ഡേറ്റ സ്വകാര്യതയിലും എ.ഐയുമായി ബന്ധപ്പെട്ട സാങ്കേതിക-നിയമ പരിഹാരങ്ങളിലും ഇന്ത്യ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത എ.ഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എ.ഐ ഫൗണ്ടേഷൻ, കൗൺസിൽ ഫോർ സസ്റ്റെയ്നബ്ൾ എ.ഐ എന്നിവ രൂപവത്കരിക്കാനുള്ള ഉച്ചകോടിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

Tags:    
News Summary - French President Macron Avoid Shaking Hands With PM Modi At Paris AI Summit?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.