എ.ഐ അഭിമുഖം: മൈക്കൽ ഷൂമാക്കറുടെ കുടുംബത്തിന് 1.80 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മ്യൂണിക്ക്: കിടപ്പിലായ ഫോർമുല വൺ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറിന് ജർമൻ ആഴ്ചപ്പതിപ്പ് 1,80,11,786 രൂപ (200,000 യൂറോ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 10 വർഷമായി അബോധാവസ്ഥയിലുള്ള ഷൂമാക്കറുടെ ആദ്യ അഭിമുഖം എന്ന പേരിൽ എ.ഐ നിർമിത അഭിമുഖം പ്രസിദ്ധീകരിച്ചതിനെതിരെ കുടുംബം നൽകിയ പരാതിയിലാണ് ഉത്തരവ്.

2013 ഡിസംബറിൽ സ്കീയിങ്ങിനിടെ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ 55കാരനായ ഷൂമാക്കർ പിന്നീട് ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് കുടുംബം ഒരുവിവരവും പുറത്തുവിട്ടിരുന്നില്ല. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുകൾക്കും മാത്രമാണ് കാണാൻ അനുമതി നൽകിയിരുന്നത്.

ഇതിനിടെയാണ് ജർമനിയിലെ വനിതാ ആഴ്ചപ്പതിപ്പായ ‘ഡൈ അക്‌റ്റ്യൂല്ലെ (‘Die Aktuelle’) ഷൂമാക്കറുടെ അഭിമുഖം എന്ന പേരിൽ എ.ഐ നിർമിത അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ഷൂമാക്കർ കുടുംബം, ആഴ്ചപ്പതിപ്പിന്റെ പ്രസാധകരായ ഫൺകെ മീഡിയ ഗ്രൂപ്പിനെതിരെ കേസ് നൽകുകയായിരുന്നു. മ്യൂണിക്ക് ലേബർ കോടതിയിൽ ഇന്നലെയാണ് ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയത്. നഷ്ടപരിഹാരം കൈപ്പറ്റിയ കാര്യം ബന്ധുക്കൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാൻ അവർ വിസമ്മതിച്ചു.

2023 ഏപ്രിലിലാണ് ‘മൈക്കൽ ഷൂമാക്കറുടെ ആദ്യത്തെ അഭിമുഖം’ എന്ന തലക്കെട്ടോടെ ആഴ്ചപ്പതിപ്പ് കവർസ്റ്റോറി പ്രസിദ്ധീകരിച്ചത്. യഥാർഥ അഭിമുഖമല്ലെന്നും എ​.ഐ നിർമിതമാണെന്നും സൂചിപ്പിക്കുന്ന ടാഗ് ലൈൻ ചെറുതായി ഇതിനൊപ്പം നൽകിയിരുന്നു. ലാഭത്തിനായി ഷൂമാക്കറുടെ ദുരിതാവസ്ഥ പ്രസിദ്ധീകരണം ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് ആരാധവൃന്ദം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപിന്നാലെ എഡിറ്ററെ പുറത്താക്കിയ പ്രസാധകർ, ഷൂമാക്കർ കുടുംബത്തോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തുവെങ്കിലും കുടുംബം കേസുമായി മുന്നോട്ടുപോവുകയായിരുന്നു. 

Tags:    
News Summary - Formula One legend Michael Schumacher's family awarded compensation over AI-generated 'interview'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.