ആയിരക്കണക്കിന് മയക്കുമരുന്ന് വിരുദ്ധ കൊലപാതകങ്ങൾ; ഐ.സി.സി വാറന്റിൽ ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെ അറസ്റ്റിൽ

മനില: ‘മയക്കുമരുന്നിനെതിരായ യുദ്ധ’ത്തിന്റെ പേരിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെയെ ഫിലിപ്പീൻസ് പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിൽനിന്ന് എത്തിയതിന് തൊട്ടുപിന്നാലെ മനില വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്.

2016 മുതൽ 2022വരെ തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രത്തിന്റെ പ്രസിഡന്റായിരുന്നപ്പോൾ നടന്ന ക്രൂരമായ മയക്കുമരുന്ന് വിരുദ്ധ നടപടിയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. അറസ്റ്റിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കവെ 79 വയസ്സുള്ള റോഡ്രിഗോ താൻ ജയിലിൽ പോകാൻ തയ്യാറാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഫിലിപ്പീൻസിലെ അന്താരാഷ്ട്ര മനുഷ്യാവകാശ കൂട്ടായ്മ ഈ അറസ്റ്റിനെ ചരിത്ര നിമിഷം’ എന്ന് വിശേഷിപ്പിച്ചു. റോഡ്രിഗോയുടെ അറസ്റ്റ് അദ്ദേഹത്തിന്റെ ക്രൂരമായ ഭരണത്തെ നിർവചിച്ച കൂട്ടക്കൊലകൾക്കുള്ള ഉത്തരവാദിത്തത്തിന്റെ തുടക്കമാണെന്ന് ഐ.സി.എച്ച്.ആർ.പി ചെയർപേഴ്‌സൺ പീറ്റർ മർഫി പ്രതികരിച്ചു.

എന്നാൽ, മുൻ പ്രസിഡന്റിന്റെ വക്താവ് സാൽവഡോർ പനേലോ അറസ്റ്റിനെ അപലപിച്ചു. ഫിലിപ്പീൻസ് ഐ.സി.സിയിൽ നിന്ന് പിന്മാറിയതിനാൽ ഇത് നിയമവിരുദ്ധമാണെന്ന് പറഞ്ഞു. രാജ്യം അംഗത്വം പിൻവലിക്കുന്നതിനു മുമ്പ് നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഫിലിപ്പീൻസിനുമേൽ അധികാരപരിധിയുണ്ടെന്ന് ഐ.സി.സി നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 12ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ സെനറ്റർ സ്ഥാനത്തിനായി പ്രചാരണം നടത്താൻ റോഡ്രിഗോ ഹോങ്കോങ്ങിലായിരുന്നു.

‘മയക്കുമരുന്നിനെതിരായ യുദ്ധം’

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മുൻ മേയറായ റോഡ്രിഗോ, കുറ്റകൃത്യങ്ങൾക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനത്തോടെയാണ് അധികാരത്തിലെത്തിയത്. വാചാലമായ സംസാരശേഷിയിലൂടെ തന്റെ പ്രതിച്ഛായ വളർത്തിയെടുത്തു. ഇത് ഫിലിപ്പീൻസുകാർക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. അവർ അദ്ദേഹത്തെ തെക്കൻ ദ്വീപായ മിൻഡാനാവോയിൽ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

തീക്ഷ്ണമായ വാചാടോപത്തോടെ മയക്കുമരുന്ന് പ്രതികൾ എന്ന് സംശയിക്കുന്നവരെ വെടിവച്ചുകൊല്ലാൻ അദ്ദേഹം സുരക്ഷാ സേനയെ അണിനിരത്തി. 6000ത്തിലധികം പേരെ പൊലീസോ അജ്ഞാതരായ അക്രമികളോ വെടിവച്ചു കൊന്നു. എന്നാല, മനുഷ്യാവകാശ സംഘടനകൾ പറയുന്നത് യഥാർത്ഥ എണ്ണം അതിനേക്കാൾ കൂടുതലാണെന്നാണ്.

‘ഹിറ്റ്ലർ മൂന്ന് ദശലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്തു. ഇപ്പോൾ ഫിലിപ്പീൻസിൽ മൂന്ന് ദശലക്ഷം മയക്കുമരുന്നിന്റെ അടിമകളുണ്ട്. അവരെ കൊന്നൊടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’- റോഡ്രിഗോ അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ പറഞ്ഞതാണിത്.

എന്നാൽ, മയക്കുമരുന്നിനെതിരായ യുദ്ധം പൊലീസ് ദുരുപയോഗത്തിലേക്ക് നയിച്ചുവെന്നും മയക്കുമരുന്ന് സംശയിക്കുന്നവരിൽ പലരെയും വധിച്ചുവെന്നും വിമർശകർ പറഞ്ഞു. മയക്കുമരുന്ന് സംശയിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള വേട്ട പാർലമെന്റിൽ നടന്ന അന്വേഷണങ്ങളിലൂടെ പുറത്തുവന്നു. എന്നൽ, റോഡ്രിഗോ ആരോപണങ്ങൾ നിഷേധിച്ചു.

2016ൽ ഐ.സി.സി ആദ്യമായി ആരോപണവിധേയമായ ദുരുപയോഗങ്ങൾ ശ്രദ്ധിക്കുകയും 2021ൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2011 നവംബർ മാസത്തിൽ റോഡ്രിഗോ ഡാവോ മേയറായിരുന്നപ്പോൾ മുതൽ 2019 മാർച്ച് വരെയുള്ള കേസുകൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Former Philippine President Rodrigo Duterte arrested on International Criminal Court warrant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.