ബെയ്ജിങ്: ചൈനീസ് മുൻ പ്രസിഡന്റ് ജിയാങ് സെമിൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ജന്മനാടായ ഷാങ്ഹായിയിലായിരുന്നു അന്ത്യം. രക്താര്‍ബുദബാധിതനായിരുന്നു. ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങളെ തന്ത്രപരമായി കൈകാര്യം ചെയ്യുകയും ചൈനയെ വൻ സാമ്പത്തികശക്തിയാക്കുകയും ചെയ്യുന്നതിൽ ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.
1989ലെ ടിയാനൻമെൻ ജനാധിപത്യപ്രക്ഷോഭത്തെ അടിച്ചമർത്തിയ നടപടി ചൈനയെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു. 1993 മുതല്‍ 2003 വരെ 10 വർഷം ജിയാങ് ചൈനീസ് പ്രസിഡന്റായി തുടർന്നു. ടിയാനൻമെനിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഉടലെടുത്ത തർക്കത്തിനവസാനമാണ് ജിയാങ് സെമിൻ നേതൃസ്ഥാനത്തെത്തിയത്.
ഹോങ്കോങ്ങും മക്കാവുവും ചൈനയുടെ ഭാഗമാക്കിയതില്‍ ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 2001ൽ ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ കടന്നുവരവിനും ജിയാങ് സെമിൻ കാരണക്കാരനായി. 1989 മുതല്‍ 2002 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. 1989 മുതല്‍ 2004 വരെ സെന്‍ട്രല്‍ മിലിട്ടറി കമീഷൻ ചെയര്മാൻസ്ഥാനവും വഹിച്ചു. നിലവിലെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഉദയത്തിനു പിന്നിലും ജിയാങ് സെമിൻ പ്രധാന പങ്ക് വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.