അൽ അഖ്സ പള്ളിയിലേക്ക് മുസ്‍ലിംകൾക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേൽ​ പൊലീസ്

ജറുസലേം: അൽ അഖ്സ പള്ളിയിലേക്ക് മുസ്‍ലിംകൾക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേൽ ​പൊലീസ്. അപ്രതീക്ഷിതായി പൊലീസെത്തി പള്ളിയു​ടെ മുഴുവൻ ഗേറ്റുകളും പൂട്ടുകയായിരുന്നുവെന്ന് മുസ്‍ലിം വഖഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി ഇത്തരമൊരു നടപടി ഇസ്രായേൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

എല്ലാ പ്രായത്തിലുമുള്ള മുസ്‍ലിംകൾക്കും പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതൽ ഇസ്രായേൽ പൊലീസ് പള്ളിയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രായമുള്ളവരെ മാത്രമായിരുന്നു രാവിലെ പള്ളിയിൽ പ്രവേശിപ്പിച്ചിരുന്നത്.

എന്നാൽ, അപ്രതീക്ഷിതമായി മുഴുവൻ വിശ്വാസികളുടേയും പള്ളിയിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു. അതേസമയം, ജൂത വിശ്വാസികളെ പള്ളി കോമ്പോണ്ടിലേക്ക് പ്രവേശിക്കുന്നുണ്ട്. അവർക്ക് ആചാരങ്ങൾ സ്വതന്ത്രമായി നടത്താനുള്ള അനുവാദവും നൽകി. ഇത് പള്ളിയിലെ തൽസ്ഥിതിയുടെ ലംഘനമാണെന്ന് മുസ്‍ലിം വഖഫ് വകുപ്പ് പരാതിപ്പെട്ടു. ഇസ്‍ലാമിക വിശ്വാസപ്രകാരം മൂന്നാമത്തെ പുണ്യകേന്ദ്രമായി കണക്കുന്ന പള്ളിയാണ് അൽ അഖ്സ.

അതിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊലപാതകം 5,100 കവിഞ്ഞു. ഇന്ന് പുലർച്ചെ അൽ ശത്തി അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 12 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേർ വനിതകളുമാണ്. 15,275ലേറെ പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബന്ദികളായ രണ്ട് പേരെ ഹമാസ് മോചിപ്പിച്ചു. ബന്ദികളായ യോഷെവെദ് ലിഫ്ഷിറ്റ്‌സ് (85), നൂറ് കൂപ്പർ (79) എന്നിവരെയാണ് ഇന്നലെ മോചിപ്പിച്ചത്. ഇവരെ റെഡ്ക്രോസിനാണ് കൈമാറിയത്. “അവർ ഉടൻ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” -റെഡ്ക്രോസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രണ്ട് വനിതകളെ മോചിപ്പിച്ചിരുന്നു. അമേരിക്കൻ പൗരത്വമുള്ള ജൂഡിത്ത് റാണൻ, മകൾ നതാലി എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഹമാസ് അന്ന് മോചിപ്പിച്ചത്.

അതേസമയം, ഇസ്രായേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി ഇസ്രായേൽ റേഡിയോ പറഞ്ഞു. മുഴുവൻ ബന്ദികളെയും മോചിപ്പിച്ച ശേഷം ചർച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെടിനിർത്തലിന് ഉപാധി വെച്ചിരിക്കുന്നത്.

Tags:    
News Summary - For the first time in months, Israeli police shut down Al-Aqsa Mosque for the Muslim worshippers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.