അജ്ഞാത ശ്വാസകോശ രോഗം: ചൈനക്ക് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്ന് യു.എസ് സെനറ്റർമാർ

വാഷിങ്ടൺ: കുട്ടികളിൽ ശ്വാസകോശ രോഗം വ്യാപകമായതിന് പിന്നാലെ ചൈനക്ക് യു.എസിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ചൈനയിൽ നിന്നുള്ളവർക്ക് യാത്രവിലക്ക് ഏർപെടുത്തണമെന്ന് അഞ്ച് സെനറ്റർമാർ യു.എസ് പ്രസിഡന്റ് ജോ​ ബൈഡനോട് ആവശ്യപ്പെട്ടു. അസുഖത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നത് വരെ യാത്ര വിലക്ക് ഏർപ്പെടുത്തണമെന്നാണ് റിപ്പബ്ലിക്കൻ സെനറ്റർമാരായ മാ​ർകോ റൂബിയോ, ജെ.ഡി. വാൻസ്, റിഖ് സ്കോട്ട്, ടോമി ട്യൂബർവിൽ, മൈക് ബ്രൗൺ എന്നിവർ ആവശ്യപ്പെട്ടത്.

''പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ചൈനയിൽ ഉടനീളം വ്യാപിക്കുന്ന ഒരു അജ്ഞാത ശ്വാസകോശ സംബന്ധമായ അസുഖം കാരണം യു.എസിലും പിആർസിക്കും ഇടയിലുള്ള യാത്ര ഉടൻ നിയന്ത്രിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പൊതുജനാരോഗ്യ പ്രതിസന്ധികളെക്കുറിച്ച് നുണ പറയുന്ന ഒരു നീണ്ട ചരിത്രമുണ്ട്. കോവിഡ് മഹാമാരി സമയത്തെ കാര്യങ്ങൾ ഒരുദാഹരണം മാത്രം.''-എന്നാണ് സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടത്. 

ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നത് ലോകവ്യാപകമായി ആശങ്കക്ക് ഇടയാക്കുന്നതായി കഴിഞ്ഞാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കി.

എന്നാൽ കാലാവസ്ഥക്ക് അനുസരിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണിതെന്നും അസ്വാഭാവികമായി ഒന്നുതന്നെയില്ലെന്നുമായിരുന്നു ആശങ്കകൾ അറിയിച്ചവർക്ക് ചൈന നൽകിയ മറുപടി. മറ്റുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും കണക്കിലെടുക്കുന്നില്ലെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്ക്യു സൂചിപ്പിച്ചു.

കഴിഞ്ഞാഴ്ചയാണ് ശ്വാസകോശ രോഗം കൂടുന്നുവെന്ന് ചൈനീസ് ആരോഗ്യ കമ്മീഷൻ സ്ഥിരീകരിച്ചത്. ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നതിന് ന്യൂമോണിയയുമായി ബന്ധമുണ്ടോയെന്നും ആശങ്ക നിലനിൽക്കുന്നുണ്ട്. 

Tags:    
News Summary - Five senators ask Biden to impose China travel ban after respiratory illness cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.