ഗസ്സ: മധ്യ ഗസ്സയിലെ ബുറേജി അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. റോഡിൽ കളിക്കുകയായിരുന്ന അഞ്ച് കുട്ടികളും കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അബു റസാസ് റൗണ്ട് എബൗട്ടിന് സമീപം കൂട്ടംകൂടിയ സാധാരണക്കാർക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രദേശവാസികൾ വഫ വാർത്താ ഏജൻസിയോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. നിരവധി പേർക്ക് പരിക്കേറ്റു.
അതിനിടെ, ഗസ്സ സിറ്റിയുടെ കൂടുതൽ ഉൾഭാഗങ്ങളിലേക്ക് ഇസ്രായേൽ ടാങ്കുകൾ എത്തി. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് സൈനിക നീക്കത്തിന് മുമ്പുതന്നെ ഇസ്രായേൽ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രക്ഷപ്പെടാൻ സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്നാണ് ഫലസ്തീൻകാർ പറയുന്നത്. 23 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ പലായനം ചെയ്തുകഴിഞ്ഞു. പതിനായിരങ്ങൾ അഭയാർഥി ക്യാമ്പുകളിലാണ്.
ഇസ്രായേൽ സൈനിക നീക്കം ശക്തമാക്കിയത് ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമുള്ള ചർച്ചകൾ അവതാളത്തിലാക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും സൈന്യവുമായിരിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ പറഞ്ഞു. ശാശ്വത വെടിനിർത്തൽ വേണമെന്നാണ് ഹമാസ് നേതൃത്വം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മധ്യസ്ഥർ ഉറപ്പ് നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയാണ് ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്.
അതേസമയം, ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ഏതൊരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് സമാധാന ചർച്ചകൾക്കായി കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിയിട്ടുണ്ട്. ഇസ്രായേൽ പ്രതിനിധി സംഘവും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 38,243 ആയി. 88,033 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.