ലണ്ടൻ: 'ഇത് എനിക്ക് നേരത്തേ കിട്ടിയ ജന്മദിന സമ്മാനമാണ്'- മാർഗരറ്റ് കീനൻെറ വാക്കുകളിൽ സന്തോഷവും ഒപ്പം അഭിമാനവുമുണ്ട്. കാരണം, കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച വ്യക്തിയാണ് മാർഗരറ്റ് കീനൻ. അടുത്തായാഴ്ചയാണ് ഇവരുടെ 91ാം ജന്മദിനം.
വടക്കൻ അയർലൻഡിലെ എന്നിസ്കില്ലനിൽ നിന്നുള്ള മാർഗരറ്റ് ലണ്ടൻ സമയം രാവിലെ 6.30ന് കൊവെൻട്രിയിലെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്. പരീക്ഷണത്തിനായല്ലാതെ ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി അതോടെ മാർഗരറ്റ് മാറിയെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരിക്കെതിരായ ലോകജനതയുടെ പോരാട്ടത്തിലെ നിർണായക ഘട്ടമെന്ന നിലയിൽ ബ്രിട്ടനിൽ ആരംഭിച്ച കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന് തുടക്കമിട്ടത് മാർഗരറ്റിന് ആദ്യ ഡോസ് നൽകിയാണ്. 'കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ബ്രിട്ടനിലെ ആദ്യ വ്യക്തി എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനമുള്ള നിമിഷമാണിത്. എന്നെ തേടിയെത്തിയ ജന്മദിന സമ്മാനമായിട്ടാണ് ഇതിനെ കാണുന്നത്. വാക്സിൻ സ്വീകരിക്കാൻ മടിക്കേണ്ടയെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഈ 90ാം വയസ്സിൽ എനിക്ക് ഇതിനാകുമെങ്കിൽ നിങ്ങൾക്കും തീർച്ചയായും ഇതിന് കഴിയും' -മാർഗരറ്റ് പറഞ്ഞു.
ഫൈസർ-ബയോണടെക് വാക്സിൻ വിതരണം ആരംഭിച്ച ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. രാജ്യചരിത്രത്തിലെ ഏറ്റവും വലിയതും സങ്കീർണവുമായ വാക്സിനേഷൻ പദ്ധതിയാണിതെന്ന് ഇംഗ്ലണ്ട് ആരോഗ്യ ഡയറക്ടർ പ്രഫ. സ്റ്റെഫാൻ പൊവിസ് പറയുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. വിതരണത്തിനുള്ള ഫൈസർ-ബയോൺടെക് വാക്സിൻ യു.കെയിലെ വിവിധ ആശുപത്രികളിൽ കടുത്ത ശീതീകരണ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചവർക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നതിനാൽ അവിടേക്ക് വാക്സിൻ കേടുകൂടാതെ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും ആരോഗ്യപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്. നാലു തവണ മാത്രം പുറത്തെടുക്കാവുന്നതും അഞ്ചു ദിവസം മാത്രം ശീതീകരണിയിൽ വെക്കാവുന്നതാണ് ഈ വാക്സിൻ. അതിനാൽ വാക്സിൻ പാക്കുകൾ മുൻകൂട്ടി വിഭജനം നടത്തിയാണ് വിതരണം ചെയ്യുന്നതെന്ന് യു.കെ ഔഷധ, ആരോഗ്യപരിപാലന നിയന്ത്രണ സമിതി സി.ഇ.ഒ ഡോ. ജൂൺ റെയ്നെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.