തെൽ അവീവ്: ഇസ്രായേലിലെ ജറുസലേമിൽ വൻ തീപിടിത്തം. ബുധനാഴ്ച തീപിടിത്തമുണ്ടായത്. കാട്ടുതീ അണക്കാനുള്ള ശ്രമം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച രാവിലെയാണ് ജറുസലേം കുന്നുകളിൽ ആദ്യമായി തീപിടിത്തം കണ്ടെത്തിയത്.
അഞ്ചോളം സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. എന്നാൽ ഉഷ്ണതരംഗത്തിൽ കാട്ടുതീ അതിവേഗം വ്യാപിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും 163 ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. ലാത്രുൻ, നെവേ ഷാലോം, എസ്റ്റോൾ വനം എന്നീ പ്രദേശങ്ങളിലാണ് കനത്ത തീ തുടരുന്നത്. മെവോ ഹോറോൺ, ബർമ റോഡ്, മെസിലാത് സിയോൺ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തീപടരുന്നുണ്ട്.
തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണവിധേയമാക്കാനായി കൂടുതൽ ഫയർ എൻജിനുകൾ സംഭവസ്ഥലത്തേക്ക് എത്തിക്കും.2900 ഏക്കർ വനം തീപിടിത്തത്തിൽ ഇതുവരെ നശിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇസ്രായേൽ ഇതുവരെ കാണാത്ത കാട്ടുതീയാണ് ഉണ്ടായതെന്ന് ജറുസലേം ഫയർ ആൻഡ് സർവീസ് മേധാവി പറഞ്ഞു.
കാട്ടുതീയെ തുടർന്ന് വനപ്രദേശത്തിന് സമീപത്ത് കൂടി പോകുന്ന റോഡുകൾ അടച്ചിട്ടുണ്ട്. ദേശീയോദ്യാനങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് ജനങ്ങളോട് ഇസ്രായേൽ ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.