പാകിസ്താനിൽ ട്രെയിൻ പാളം തെറ്റി ; അഞ്ചുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഇസ്‍ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ യാത്രാ ട്രെയിൻ പാളംതെറ്റി അഞ്ചുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. കറാച്ചിയിൽനിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന റഹ്മാൻ ബാബ എക്സ്പ്രസാണ് മുൾട്ടാനിലെ ഷേർ ഷാ പാലത്തിന് സമീപം പാളംതെറ്റിയത്.
ട്രെയിനിന്റെ 14 കോച്ചുകളും പാളംതെറ്റിയതായാണ് റിപ്പോർട്ടുകൾ. അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിലേക്ക് മാറ്റി. 13 കോച്ചുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. പാളംതെറ്റലിന്റെ കാരണം ഔദ്യോഗികമായി കണ്ടെത്തിയിട്ടില്ലെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് മുമ്പ് ട്രെയിനിലെ ഒമ്പതാമത്തെ കോച്ചിലെ നെട്ടുകളും ബോൾട്ടുകളും അറ്റകുറ്റപ്പണി നടത്തിയായതായി ഒരു യാത്രക്കാരൻ പറഞ്ഞു. എന്നാൽ ഇതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. മാറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ പതിവാണ്. റെയിൽവേ മേഖലയിലെ ദീർഘകാല നിക്ഷേപക്കുറവും കാലപ്പഴക്കംചെന്ന പാളങ്ങളും പഴയ സിഗ്നലിങ് സംവിധാനങ്ങളും രാജ്യത്തെ റെയിൽവേ ശൃംഖലയുടെ സുരക്ഷയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. 2023ൽ ദക്ഷിണ പാകിസ്താനിൽ യാത്രാ ട്രെയിനിന്റെ 10 കോച്ചുകൾ പാളംതെറ്റിയുണ്ടായ അപകടത്തിൽ 30 പേർ മരിക്കുകയും 90ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.