ഇൽഹാൻ ഉമറിന്റെ വസതിയിലെ റെയ്ഡിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ വിവാദം, കടുത്ത പ്രതിഷേധം

വാഷിങ്ടൺ/മിനസോട്ട: ഇടക്കാല തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, യു.എസ് കോൺഗ്രസ് അംഗവും ഡെമോക്രാറ്റ് പാർട്ടി നേതാവുമായ ഇൽഹാൻ ഉമറിന്റെ വസതിയിൽ ഫെഡറൽ ഏജൻസികൾ റെയ്ഡ് നടത്തിയത് അമേരിക്കൻ രാഷ്ട്രീയത്തിൽ പതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് ആക്ഷേപിച്ച് ഡെമോക്രാറ്റ് നേതൃത്വവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ഏജൻറുമാരാണ് വാഷിങ്ടൺ ഡി.സി മേഖലയിലുള്ള ഇൽഹാൻ ഉമറിന്റെ വസതിയിൽ പരിശോധന നടത്തിയത്. റെയ്ഡിനെ തുടർന്ന് ഉമറിന്റെ വീടിനു ചുറ്റുമുള്ള തെരുവുകൾ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. തുടർന്ന് ‘പിടിച്ചെടുത്ത തെളിവുകൾ’ എന്ന് രേഖപ്പെടുത്തിയ പെട്ടികളുമായി ഏജൻറുമാർ മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കുടിയേറ്റ രേഖകളിലെ ക്രമക്കേടുകളും ഫ്രോഡുകളും സംബന്ധിച്ച് ഫെഡറൽ തലത്തിൽ നടക്കുന്ന ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായാണ് ജുഡീഷ്യൽ വാറണ്ടോടുകൂടിയ റെയ്ഡ് നടത്തിയത് എന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.

സോമാലിയൻ വംശജയായ ഇൽഹാൻ ഉമർ വർഷങ്ങളായി ഡോണൾഡ് ട്രംപിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും പ്രധാന ലക്ഷ്യങ്ങളിലൊരാളാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ഉമറും കുടുംബവും തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിനും നേരത്തെ രംഗത്തുവന്നിരുന്നു.

 

കഴിഞ്ഞ മാസം, ഉമറിനെതിരെയുള്ള അന്വേഷണത്തിൽ ‘വല്ലതും സംഭവിക്കുമെന്ന്’ മുള്ളിൻ പരസ്യമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒഹായോയിലെ റാലിയിൽ ഉമറിന്റെ സോമാലിയൻ പശ്ചാത്തലത്തെ കടന്നാക്രമിച്ച ട്രംപ്, രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്ന ഉമർ ‘ഭൂമിയിലെ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നിൽ നിന്നാണ് വരുന്നത്’ എന്ന് വിമർശിക്കുകയും ചെയ്തിരുന്നു.

റാലിക്ക് പിന്നാലെ റെയ്ഡ് വാർത്ത പുറത്തുവന്നുവെങ്കിലും, സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ഇത് നീതിന്യായ വകുപ്പിന്റെ മാത്രമായ തീരുമാനമാണെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ) മിനസോട്ടയിലെ അഞ്ചാം ഡിസ്ട്രിക്ടിൽനിന്ന് വീണ്ടും ജനവിധി തേടുന്ന ഇൽഹാൻ ഉമറിനെതിരെ, തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇത്തരമൊരു നീക്കം നടത്തിയത് വലിയ വിവാദമായിട്ടുണ്ട്.

രാഷ്ട്രീയ സ്ഥാനാർഥികൾക്കെതിരെ തെരഞ്ഞെടുപ്പിന് 60 ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷമായ അന്വേഷണങ്ങളോ റെയ്ഡുകളോ നടത്തരുതെന്ന നീതിന്യായ വകുപ്പിന്റെ പരമ്പരാഗത ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഹൗസ് മൈനോറിറ്റി ലീഡർ ഹകീം ജെഫ്രീസും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും സംയുക്ത പ്രസ്താവനയിലൂടെ ട്രംപിന്റെ ഈ നടപടിയെ ശക്തമായി അപലപിച്ചു. ‘

എന്നെ നിശബ്ദയാക്കാൻ കഴിയില്ല: ഇൽഹാൻ ഉമർ

തനിക്കെതിരെയുള്ള ഫെഡറൽ റെയ്ഡ് രാഷ്ട്രീയ എതിരാളികളെ ഉന്നം വെക്കാനും ഫെഡറൽ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാനുമുള്ള ഭരണകൂടത്തിന്റെ ഗൂഢശ്രമമാണെന്ന് ഇൽഹാൻ ഉമർ എക്സിൽ കുറിച്ചു.

‘കഴിഞ്ഞ പത്ത് വർഷമായി ട്രംപ് അടിസ്ഥാനരഹിതമായ നുണകളും അപവാദ പ്രചാരണങ്ങളുമായി എന്നെ വേട്ടയാടുകയാണ്. രാഷ്ട്രീയ ഭീതി പരത്താനുള്ള അദ്ദേഹത്തിന്റെ കാമ്പയിനിന്റെ ഏറ്റവും പുതിയ തുടർച്ചയാണിത്. ഞാൻ നിശബ്ദയാകില്ല’-ഉമർ വ്യക്തമാക്കി.

കുടിയേറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ മുൻകാലങ്ങളിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം ഉമർ പൂർണമായും നിഷേധിച്ചിരുന്നു. താനും കുടുംബവും സോമാലിയൻ ആഭ്യന്തരയുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞാണ് അമേരിക്കയിൽ എത്തിയതെന്നും, തനിക്കെതിരെയുള്ളത് അപകീർത്തികരമായ നുണകളാണെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Federal Raid At Ilhan Omar's Residence Sparks Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.