38 കോടിയുടെ റെനോയർ ചിത്രങ്ങൾ വീട്ടിനുള്ളിലെ രഹസ്യ ഭിത്തിയിൽ ഒളിപ്പിച്ചു; 6 പേർ അറസ്റ്റിൽ

പാരീസ്: ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരനായ പിയറി ആഗസ്റ്റ് റെനോയറുടെ ഫ്രാൻസിലെ മ്യൂസിയത്തിൽനിന്ന് കഴിഞ്ഞ മാസം മോഷണം പോയ രണ്ട് അപൂർവ ചിത്രങ്ങൾ രഹസ്യ ഭിത്തിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി. കേസിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രമുഖ ആർട്ട് ഗാലറിയിൽക്കൂടി വൻ മോഷണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് മാഴ്സെയിൽ ​പൊലീസിന്റെ മിന്നൽ പരിശോധനയിൽ പ്രതികൾ വലയിലായത്.

കഴിഞ്ഞ സെപ്റ്റംബർ 8-നാണ് ഫ്രഞ്ച് റിവിയേരയിലെ കാൻ-സുർ-മെറിലുള്ള റെനോയർ മ്യൂസിയത്തിന്റെ വേലി ഇലക്ട്രിക് സോ ഉപയോഗിച്ച് അറുത്തുമാറ്റി മോഷ്ടാക്കൾ അകത്തുകടന്നത്. മ്യൂസിയത്തിലെ അലാറം മുഴങ്ങി നാല് മിനിറ്റിനുള്ളിൽ പൊലീസ് എത്തിയതോടെ പരിഭ്രാന്തരായ മോഷ്ടാക്കൾ അവിടെയുണ്ടായിരുന്ന നാല് ചിത്രങ്ങളിൽ രണ്ടെണ്ണം മ്യൂസിയം പൂന്തോട്ടത്തിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. 'മാഡം കൊളോണ റൊമാനോ', 'യങ് വുമൺ അറ്റ് ദി വെൽ' എന്നീ ചിത്രങ്ങളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. ഏകദേശം 42 ലക്ഷം യൂറോ (38 കോടിയോളം രൂപ) വിപണിമൂല്യമുള്ളവയാണ് ഈ ചിത്രങ്ങൾ.

മോഷണം പോയ ചിത്രങ്ങൾ വ്യാഴാഴ്ച ഒരു വീടിന്റെ രഹസ്യ ഭിത്തിക്കുള്ളിൽ നിന്നാണ് കണ്ടെടുത്തത്. കടത്തിക്കൊണ്ടുപോകുന്നതിനിടെ കീറുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ചിത്രങ്ങൾ അടിയന്തരമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമാക്കും. മോഷണ സ്ഥലത്തുനിന്ന് ലഭിച്ച ഡി.എൻ.എ തെളിവുകളും മൊബൈൽ ലൊക്കേഷൻ ഡാറ്റയും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. അടുത്ത മോഷണത്തിനുള്ള തയാറെടുപ്പിലായിരുന്ന സംഘത്തെ പിടികൂടാനായത് വൻ ദുരന്തം ഒഴിവാക്കിയതായി അധികൃതർ വ്യക്തമാക്കി.

നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കലാസൃഷ്ടികളാണ് മോഷ്ടിക്കപ്പെട്ടതെന്നും അവ തിരിച്ചുകിട്ടിയത് വലിയ ആശ്വാസമാണെന്നും മേയർ ബ്രയാൻ മാസൺ പ്രതികരിച്ചു. റെനോയറിന്റെ ചിത്രങ്ങൾ വീണ്ടെടുത്ത സംഭവം കലാസൃഷ്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിട്ടുണ്ട്. ലോകപ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികൾക്ക് ഉയർന്ന വിപണിമൂല്യമുള്ളതിനാൽ അവ സംഘടിത മോഷണസംഘങ്ങളുടെ ലക്ഷ്യമാകാറുണ്ട്. മോഷ്ടിച്ച ചിത്രങ്ങൾ വിൽക്കുന്നതും അവയുടെ യഥാർഥ ഉറവിടം മറച്ചുവെക്കുന്നതും എളുപ്പമല്ലെങ്കിലും, ഇത്തരം സംഭവങ്ങൾ മ്യൂസിയങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

Tags:    
News Summary - Stolen Renoir paintings found behind wall in France following arrests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.