ഇൽഹാൻ ഉമറിന്റെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്; ട്രംപിന്റെ രാഷ്ട്രീയ വേട്ടയെന്ന് ആരോപണം

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന്റെ വസതിയിൽ ഫെഡറൽ ഏജൻസികളുടെ മിന്നൽ പരിശോധന. വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ കോടതി വാറന്റുമായി എത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷം രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ ബോക്സുകൾ കൊണ്ടുപോയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കോടതി അനുമതിയോടെയുള്ള നടപടിയാണെന്നും തുടരുന്ന ഫെഡറൽ ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമാണെന്നുമാണ് നീതിന്യായ വകുപ്പ് അറിയിച്ചത്. കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പിന് 30 ദിവസം മാത്രം ശേഷിക്കെയുള്ള ഈ നീക്കം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. മിനസോട്ടയിൽ ഒന്നേകാൽ ലക്ഷം പേർ ഇതിനോടകം വോട്ട് ചെയ്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം നടപടികൾ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഫെഡറൽ ജഡ്ജിയുടെ പ്രത്യേക അനുമതിയോടെയാണ് റെയ്ഡ് നടന്നത്.

ഇൽഹാൻ ഉമറിന്റെ വസതിയിൽ എത്തിയ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ

റെയ്ഡിനെ രാഷ്ട്രീയ വേട്ടയാടലും ഭീഷണിപ്പെടുത്തലുമെന്ന് വിശേഷിപ്പിച്ച ഇൽഹാൻ തന്നെ നിശബ്ദയാക്കാനുള്ള ട്രംപിന്റെ ശ്രമമാണെന്നും താൻ ഭയപ്പെടില്ലെന്നും താൻ സുരക്ഷിതയാണെന്നും സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. പത്ത് വർഷമായി ട്രംപ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ ആക്രമിക്കുകയാണെന്നും ഇത് അതിന്റെ തുടർച്ചയാണെന്നും അവർ പറഞ്ഞു.

അതേസമയം റെയ്ഡിൽ തനിക്ക് പങ്കില്ലെന്ന് ട്രംപ് പ്രതികരിച്ചു. അവർ പൂർണമായും അഴിമതിക്കാരിയാണെന്നാണ് താൻ കരുതുന്നതെന്നും എന്നാൽ ഇത് നീതിന്യായ വകുപ്പിന്റെ സ്വതന്ത്ര തീരുമാനമാണെന്നും ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.

ഇൽഹാനെതിരായ അന്വേഷണം കുടിയേറ്റ രേഖകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയായിരിക്കെ അന്തരിച്ച പിതാവ് പൂരിപ്പിച്ച രേഖകളിലാണ് ക്രമക്കേടെന്നാണ് സൂചന. സൊമാലിയയിൽ നിന്ന് അഭയാർത്ഥിയായി എത്തി എംപിയായ ആദ്യ വ്യക്തികളിൽ ഒരാളാണ് ഇൽഹാൻ. സഹോദരനെ എത്തിക്കാൻ വ്യാജ വിവാഹം കഴിച്ചുവെന്ന തരത്തിൽ വർഷങ്ങളായി പ്രചരിക്കുന്ന ആരോപണങ്ങൾക്ക് തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷയത്തിൽ എന്തോ സംഭവിക്കാനുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി കഴിഞ്ഞ മാസം സൂചന നൽകിയിരുന്നു. നടപടിയെ ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമെന്ന് ഡെമോക്രാറ്റ് നേതാവ് ഹക്കീം ജെഫ്രീസ് വിമർശിച്ചു.

Tags:    
News Summary - FBI Raids Ilhan Omar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.