അബ്ബാസ് അറാഗ്ചി

സൗദിക്കും ഹൂതികൾക്കുമിടയിൽ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് ഇറാൻ; യുദ്ധമല്ല നയതന്ത്രമാണ് പരിഹാരമെന്ന് അറാഗ്ചി

തെഹ്‌റാൻ: സൗദിയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, സൈനിക നടപടികൾ ഒഴിവാക്കി രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കണമെന്ന് സൗദി അറേബ്യയോട് ഇറാൻ ആവശ്യപ്പെട്ടു.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പ്രശ്നങ്ങൾക്ക് സൈനികപരമായ പരിഹാരമില്ലെന്നും, രാഷ്ട്രീയ ചർച്ചകൾ നിരസിക്കുന്നത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്നും അറാഗ്ചി മുന്നറിയിപ്പ് നൽകി.

രണ്ട് മുസ്‍ലിം രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം തുടരുന്നത് ആഗ്രഹിക്കുന്നില്ലെന്നും, മേഖലയിൽ അമേരിക്കയും ഇസ്രായേലും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ സൗദിയും യമനും തമ്മിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ഇ ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ വ്യക്തമാക്കി.

ശനിയാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 13 ആയി ഉയർന്നിട്ടുണ്ട്. ഞായറാഴ്ച നടന്ന തുടർ ആക്രമണത്തിൽ ഒരു പാകിസ്താൻ സ്വദേശി കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, സൗദിയിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന വിദേശ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഹൂതി മിലിറ്ററി വക്താവ് യഹ്‍യ സരീ വീണ്ടും മുന്നറിയിപ്പ് നൽകി. മക്ക, മദീന വിമാനത്താവളങ്ങൾ ഒഴികെ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും വ്യോമപാതകളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണെന്നും, സൗദി വ്യോമപാത ഒഴിവാക്കണമെന്നുമാണ് ഹൂതികളുടെ മുന്നറിയിപ്പ്. റിയാദ് ആക്രമണത്തിന് പുറമെ ദമാം വിമാനത്താവളത്തിനും സൗദി അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.

സൗദി അറേബ്യയിലെ തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ വ്യോമഗതാഗതത്തെ ഗുരുതരമായി ബാധിക്കുകയും നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളെ സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ചില വിമാനക്കമ്പനികൾ സർവീസ് നിയന്ത്രണങ്ങൾ 2027ലേക്കും നീട്ടിയിട്ടുണ്ട്.

Tags:    
News Summary - Iran's Araghchi offers to mediate Saudi-Houthi talks, calls for diplomatic end to hostilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.