കാബൂൾ: യു.എസ് സൈനിക പിന്തുണയില്ലാതെ അഫ്ഗാൻ സേന പതറുേമ്പാൾ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുത്ത് താലിബാൻ. വെള്ളിയാഴ്ച നിംറോസ് തലസ്ഥാനമായ സരഞ്ജ്, ജൗസ്ജാനിലെ ഷെബർഗാൻ പട്ടണങ്ങൾ പിടിച്ച താലിബാൻ കുന്ദുസിലും മുന്നേറുന്നതായി അന്താരാഷ്ട്ര വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നഗരം വീഴുന്നതോടെ അഫ്ഗാൻ സേനയുടെ പ്രതിരോധം കൂടുതൽ ദുർബലമാകും. പട്ടണത്തിന്‍റെ പ്രധാന ചത്വരം താലിബാൻ നിയന്ത്രണത്തിലായതായാണ് സൂചന. താലിബാനെതിരെ ബോംബാക്രമണം നടക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും വിജയം കാണുമോയെന്ന ആശങ്ക ശക്തമാണ്. കുന്ദുസിനു പിറകെ മറ്റു പ്രവിശ്യകൾ കൂടി പിടിക്കാനാണ് താലിബാൻ നീക്കം.
അതിനിടെ, അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യോമസേന പൈലറ്റിനെ താലിബാൻ ബോംബാക്രമണത്തിൽ കൊലപ്പെടുത്തി. അമേരിക്കൻ സേന പരിശീലനം നൽകിയ വൈമാനികരെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് താലിബാൻ സ്ഥിരീകരിച്ചു. അമേരിക്കൻ ബ്ലാക് ഹോക് ഹെലികോപ്റ്ററുകളുൾപെടെ പറത്തുന്നതിൽ വിദഗ്ധനായിരുന്നു. സുരക്ഷ ഭീഷണിയെ തുടർന്ന് ഒരു വർഷം മുമ്പാണ് കാബൂളിലെത്തിയത്.
ആക്രമണം ഭയന്ന് കൂടുതൽ സൈനികർ ദൗത്യമവസാനിപ്പിച്ച് പിൻവാങ്ങുന്നത് അഫ്ഗാൻ സർക്കാറിന് തിരിച്ചടിയാവുകയാണ്. ഒരുവശത്ത് പ്രവിശ്യകൾക്ക് നേരെ ആക്രമണം കനപ്പിക്കുന്നതിനൊപ്പം വ്യക്തികളെയും ലക്ഷ്യമിടുന്നതാണ് ഔദ്യോഗിക സർക്കാറിന് കനത്ത തലവേദനയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.