മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ബന്ധുക്കൾ; സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചു

ഇംഫാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ച് കുടുംബാംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ചില ആവശ്യങ്ങൾ ഇവർ ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ജോയിന്റ് ആക്ഷൻ കമിറ്റി ഓഫ് മെയ്തേയി പാങ്ഗൽസാണ് മെമ്മോറാണ്ടം തയാറാക്കി സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ സംരക്ഷിക്കാനായി വില്ലേജ് പ്രൊട്ടക്ഷൻ ഫോഴ്സ് രുപീകരിക്കാൻ അനുവദിക്കണമെന്നാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യം. മെയ്തേയി മുസ്‍ലിംകൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഇത്തരത്തിൽ ഗ്രാമസുരക്ഷസേന രുപീകരിക്കാൻ അനുവദിക്കണമെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.

തിങ്കളാഴ്ച നാല് പേർ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം എൻ.ഐ.എ ഏൽപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം നടത്താൻ മണിപ്പൂർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മണിപ്പൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മൊഹദ് റിയജുദ്ദീൻ ഷായാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

തിങ്കളാഴ്ച വൈകീട്ട് തൗബാൽ ജില്ലയിലെ ലിലോങ് ചിങ്ജാവോയിൽ വാഹനങ്ങളിലെത്തിയ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിന് മേധാവിത്വമുള്ള പ്രദേശത്ത് നടന്ന വെടിവെപ്പിൽ ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.

പ്രകോപിതരായ ജനം അക്രമികളെത്തിയ നാലു വാഹനങ്ങൾക്ക് തീയിട്ടിരുന്നു. നാലു പേർ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. വിവിധ മതവിഭാഗക്കാരുടെയും പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ച് ലിലോങ് എം.എൽ.എ അബ്ദുൽ നാസറും മുഖ്യമന്ത്രി ബിരേൻ സിങ്ങും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ ഉറപ്പു വരുത്തുമെന്നും ഉറപ്പു നൽകിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.

Tags:    
News Summary - Families of 4 killed in Manipur firing refuse to accept bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.