ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖം പ്രസിദ്ധീകരിക്കുമ്പോൾ ബി.ബി.സി ന്യൂസ് ആന്‍റ് കറന്‍റ് അഫയേഴ്സ് മേധാവിയായിരുന്ന ടോണി ഹാൾ ബ്രിട്ടൻ നാഷണൽ ഗാലറി ബോർഡ് ചെയർമാൻ പദവി രാജിവെച്ചു. മാധ്യമ പ്രവർത്തകനായ മാർട്ടിൻ ബഷീറിന് അഭിമുഖം ലഭിച്ചതിനെക്കുറിച്ച് നടന്ന അന്വേഷണ റിപ്പോർട്ടിൽ ടോണി ഹാൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. തുടർന്നാണ് രാജി.
ഗാലറിയിൽ തുടർന്നും തന്‍റെ സാന്നിധ്യം ഉണ്ടാകുന്നത് ആ സ്ഥാപനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നതുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്ന് ടോണി ഹാൾ പ്രസ്താവനയിൽ വ്യക്തമാക്കി.
' 25 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ താൻ വളരെയധികം ഖേദിക്കുന്നുവെന്ന് ഇന്നലെ പറഞ്ഞിരുന്നു. നേതൃത്വപാടവം എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കൽ കൂടിയാണെന്ന് മനസ്സിലാക്കുന്നു'വെന്നും 2013 മുതൽ 2020 വരെ ബി.ബി.സി ഡയറക്ടർ ജനറൽ പദവി വഹിച്ചിരുന്ന ഹാൾ വ്യക്തമാക്കി.
അന്ന് അത്രയൊന്നും പ്രശസ്തനല്ലാത്ത മാർട്ടിൻ ബഷീർ, അഭിമുഖം ലഭിക്കുന്നതിനുവേണ്ടി സ്വീകരിച്ച തെറ്റായ മാർഗങ്ങളെക്കുറിച്ച് ബി.ബി.സി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നുവെങ്കിലും അത് മറച്ചുവെക്കപ്പെട്ടുവെന്ന് 126 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 2016ൽ മാർട്ടിനെ വീണ്ടും സ്ഥാപനം റിലിജിയസ് അഫയേഴ്സ് കറസ്പോണ്ടന്‍റആയി നിയമിച്ചതിനെതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ബി.ബി.സി വ്യക്തമായ ഉത്തരം നൽകുന്നില്ല.
തങ്ങളുടെ മാതാവിന്‍റെ മരണവും ബി.ബി.സി അഭിമുഖവുമായ നേരിട്ട് ബന്ധമുണ്ടെന്ന് ഡയാനയുടെ മക്കളായ വില്യം, ഹാരി എന്നിവർ കുറ്റപ്പെടുത്തി. വ്യാജ രേഖകളുമായി സമീപിച്ചാണ് മാർട്ടിൻ ബഷീർ ഡയാനയുടെ അഭിമുഖം നേടിയെടുത്തതെന്ന സഹോദരൻ ചാൾ സ്പെൻസറുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.
അഭിമുഖത്തിനായുള്ള അനുമതി മാധ്യമ പ്രവർത്തകനായ മാർട്ടിൻ ബഷീർ നേടിയെടുത്തത് വഞ്ചനയിലൂടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിബിസി നേരത്തേ മാപ്പു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.