ബർലിൻ: കോവിഡ് വ്യാപനം തടയുന്ന നടപടികളുടെ ഭാഗമായി ജർമനി അഞ്ച് അയൽ രാജ്യങ്ങളുമായുള്ള അതിർത്തികളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി. ഓസ്ട്രിയ, ഡെന്മാർക്, ഫ്രാൻസ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് രാജ്യാതിർത്തികൾക്കാണ് നിയന്ത്രണം. അവശ്യവസ്തുക്കളെത്തിക്കുന്ന ട്രക്ക്, ഡെലിവറി വാഹനങ്ങളിലെ ഡ്രൈവർമാർ തുടങ്ങിയ അനിവാര്യ യാത്ര ആവശ്യമുള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുക.
തെഹ്റാൻ: ഇറാനിൽ കോവിഡ് മരണം 853 ആയി. 24 മണിക്കൂറിനിടെ 129 പേരാണ് മരിച്ചത്. 14,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഡ്രിഡ്: സ്പെയിനിൽ കോവിഡ് മരണം 297 ആയതായി ആരോഗ്യ അടിയന്തര വിഭാഗം തലവൻ ഫെർണാണ്ടോ സിമോൺ. രോഗബാധിതരുടെ എണ്ണം 8,744 ആണ്.
ലണ്ടൻ: ബ്രിട്ടനിലെ ആദ്യ കോവിഡ് മരണം വെയിൽസിൽ റിപ്പോർട്ട് ചെയ്തു. 68കാരനായ രോഗിയാണ് മരിച്ചതെന്ന് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം 1,543 ആയിട്ടുണ്ട്. അതിനിടെ, കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഡൗണിങ് സ്ട്രീറ്റിൽ പ്രതിഷേധം. ‘പോസ് ദ സിസ്റ്റം’ എന്ന പേരിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
റോം: പോപ് ഫ്രാൻസിസിെൻറ ഇത്തവണത്തെ ഇൗസ്റ്റർ ചടങ്ങുകൾ പൊതുജനമില്ലാതെയായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. വൈറസ് മുൻകരുതലിെൻറ ഭാഗമായി ഞായറാഴ്ച കുർബാന ഓൺലൈൻ വഴിയാക്കിയതിന് പിറകെയാണ് ഈ നടപടി. ഞായറാഴ്ച ഓൺലൈൻ കുർബാനക്ക് ശേഷം ആരെയുമറിയിക്കാതെ പോപ് ഫ്രാൻസിസ് റോമിലെ രണ്ട് ദേവാലയങ്ങളിൽ അപ്രതീക്ഷിതമായി സന്ദർശിച്ച് പ്രാർഥന നടത്തി. സാന്ത മരിയ മഗ്ഗിയോറി ബസലിക്കയിലും സെൻറ് മാഴ്സലോ ചർച്ചിലുമാണ് പോപ് പ്രാർഥിച്ചത്.
ന്യൂയോർക്: ലോക വ്യാപകമായി ഓഹരി വിപണികൾ കൂപ്പുകുത്തുന്നതിനിടെ അമേരിക്ക ഓഹരി വിപണിയിൽ വ്യാപാരം നിർത്തിവെച്ചു. ഓഹരി വിപണിക്ക് ശക്തിനൽകാൻ കേന്ദ്ര ബാങ്കുകൾ സംയുക്ത നടപടി സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല.
ലോസ് ആഞ്ജലസ്: കോവിഡ് ബാധ സ്ഥിരീകരിച്ച ഹോളിവുഡ് താരം ടോം ഹാങ്ക്സുമായി സമ്പർക്കം പുലർത്തിയ സംവിധായകൻ ബാസ് ലുഹർമാനും കുടുംബവും മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ. റോക് ആൻഡ് റോൾ സംഗീതരാജാവ് എൽവിസ് പ്രിസ്ലിയെക്കുറിച്ച പുതിയ സിനിമയുടെ സെറ്റിൽ ഇരുവരും ഇടപഴകിയിരുന്നു.
മനില: ഫിലിപ്പീൻസിലെ പ്രധാന ദ്വീപായ ലുസോൺ പൂർണ നിരീക്ഷണത്തിലായി.
കാൻബറ: ആസ്ട്രേലിയൻ ടി.വിയുടെ വിനോദ വിഭാഗം എഡിറ്റർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നയൻ നെറ്റ്വർക് എഡിറ്റർ റിച്ചാർഡ് വിൽകിൻസിനാണ് രോഗം. ഹോളിവുഡ് താരം ടോം ഹാങ്ക്സിെൻറ ഭാര്യ റിത വിൽസണുമായി ഇദ്ദേഹം സിഡ്നിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ടോം ഹാങ്ക്സ്-റിത ദമ്പതികൾക്ക് മാർച്ച് 12ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ബ്രസൽസ്: ഒരു വർഷത്തിലേറെയായി പൂർണതോതിലുള്ള സർക്കാറില്ലാത്ത ബെൽജിയത്തിൽ വൈറസ് ബാധയെ നേരിടാൻ കാവൽ സർക്കാറിന് പാർട്ടികളുടെ പിന്തുണ. കോവിഡിനെതിരെ പൊരുതാൻ കാവൽ പ്രധാനമന്ത്രി സോഫി വിൽമെസിന് പ്രത്യേക അധികാരം നൽകാനുള്ള തീരുമാനത്തിന് പാർട്ടികൾ അംഗീകാരം നൽകി. ബെൽജിയം രാജാവ് ഫലിപ്പെ തീരുമാനത്തിന് അംഗീകാരം നൽകിയശേഷം വ്യാഴാഴ്ച പാർലമെൻറിൽ വിശ്വാസവോട്ട് തേടും. ബെൽജിയത്തിൽ രോഗബാധിതരുടെ എണ്ണം 886 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.