തെഹ്‌റാൻ: ഇറാനിലെ ഭരണവിരുദ്ധ പ്രതിഷേധം മൂന്നാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള 280 ഇടങ്ങളിലെങ്കിലും ഇപ്പോഴും പ്രതിഷേധങ്ങൾ നടക്കുകയാണ്. അതിനിടെ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മറികടക്കാൻ പ്രതിഷേധക്കാർ ഉപയോഗിച്ചിരുന്ന സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ഇറാൻ തകർത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
റഷ്യയുടെയും ചൈനയുടെയും സഹായത്തോടെയാണ് ഇറാൻ സ്റ്റാർലിങ്ക് തകർത്തത് എന്നാണ് കരുതുന്നത്. റഷ്യയുടെ 'മർമാൻസ്‌ക്-ബി.എൻ' ക്രാസുഖ-4 എന്നീ ജാമിങ് സംവിധാനങ്ങളാണ് അതിനായി ഉപയോഗിച്ചത് എന്നും റിപ്പോർട്ടുണ്ട്. ഇറാനിൽ ഏകദേശം 40,000 സ്റ്റാർലിങ്ക് ടെർമിനലുകൾ പ്രവർത്തനരഹിതമായിരിക്കുകയാണ്. സ്റ്റാർലിങ്ക് ഡിഷുകൾ കൈവശം വെക്കുന്നവരെ വധശിക്ഷക്ക് വിധേയരാക്കാൻ ഭരണകൂടം ഉത്തരവിട്ടതായും റിപ്പോർട്ടുണ്ട്.
ഇറാനിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതോടെയാണ് പ്രതിഷേധകർ പ്രതിഷേധത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറംലോകത്തേക്ക് അയക്കാനായി സ്റ്റാർലിങ്കിലേക്ക് മാറിയത്. തുടക്കത്തിൽ സ്റ്റാർലിങ്കിന്റെ അപ്‍ലിങ്, ഡൗൺലിങ് ട്രാഫിക്കിന്റെ ഏകദേശം 30 ശതമാനം തടസ്സപ്പെട്ടിരുന്നു. ഇപ്പോഴത് 80 ശതമാനത്തിലേറെയായി വർധിച്ചു.
ഇറാനിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ഇലോൺ മസ്കുമായി സംസാരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെ സ്റ്റാർലിങ്ക് സേവനത്തിൽ തടസ്സം നേരിട്ടത്. ഏതാണ്ട് 80 ദശലക്ഷം ഇറാനികളാണ് ഡിജിറ്റൽ ഇരുട്ടിലായത്.
2022ലെ ഹിജാബ് വിരുദ്ധ പ്രതിഷേധം നടക്കുമ്പോഴും ഇറാനിൽ ഇന്റർനെറ്റ് നിരോധിച്ചിരുന്നു. അപ്പോൾ മുതലാണ് പലരും സ്റ്റാർലിങ്കിനെ ആശ്രയിച്ചുതുടങ്ങിയത്. ഇപ്പോൾ ഇറാനിൽ ഏകദേശം 40,000-50,000 ആളുകൾ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈയിൽ ഇറാൻ-ഇസ്രായേൽ യുദ്ധകാലത്ത് 12 ദിവസത്തെ ഇന്റർനെറ്റ് നിരോധന സമയത്ത് പോലും ചില ഉപയോക്താക്കൾ സാറ്റലൈറ്റ് സർവീസ് വഴി സെൻസർ ചെയ്യാത്ത ഇന്റർനെറ്റ് ആക്‌സസ് ചെയ്‌തതായി ഇറാൻ വയർ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് സ്റ്റാർലിങ്കിന്റെയും മറ്റ് അനധികൃത സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളുടെയും ഉപയോഗം നിരോധിക്കുന്ന ഒരു ചാരവൃത്തി വിരുദ്ധ നിയമം അവതരിപ്പിച്ചുകൊണ്ട് ഇറാൻ നിയന്ത്രണം കർശനമാക്കാൻ നീങ്ങി. നിയമം അനുസരിച്ച് വ്യക്തിപരമായ ഉപയോഗത്തിന് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ചാരവൃത്തിയുമായി ബന്ധപ്പെടുത്താവുന്ന സ്റ്റാർലിങ്ക് ഉപയോഗം വധശിക്ഷ വരെ ലഭിക്കാം.
പരമ്പരാഗത ഉപഗ്രഹങ്ങളേക്കാൾ ഗ്രഹത്തോട് വളരെ അടുത്ത് പറക്കുന്ന താഴ്ന്ന ഭൂമി ഭ്രമണപഥ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് നൽകുന്നത്. ഈ താഴ്ന്ന ഉയരം കാരണം ഡാറ്റ വേഗത്തിൽ സഞ്ചരിക്കുകയും കാലതാമസം കുറക്കുകയും വേഗത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഭൂമിയിലുള്ള ഉപയോക്തൃ ടെർമിനലുകളോ റിസീവറുകളോ ഈ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു, തുടർന്ന് അവ ആഗോള ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് സിഗ്നലുകൾ കൈമാറുന്നു. ഫൈബർ അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്കുകളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർലിങ്ക് പ്രാദേശിക ടെലികോം ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്നില്ല, ഇത് വിദൂര പ്രദേശങ്ങളിലും സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധന സമയത്തും ഇത് വളരെ ഉപയോഗപ്രദമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.