ഡെൻമാർക്കിന്റെ കീഴിലുള്ള, ഭൂമിയിലെ ഏറ്റവും വലിയ ദ്വീപാണ് ധ്രുവ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ്. 57000ത്തോളം മാത്രമാണ് 21,66,086 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ദ്വീപിലെ ജനസംഖ്യ. അതിൽ 17 ലക്ഷം ചതുരശ്ര കിലോമീറ്ററും കനത്ത മഞ്ഞു മൂടിക്കിടക്കുകയാണ്.
അറ്റ്ലാന്റിക്ക് മഹാ സമുദ്രത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്നാണ്. എന്തു വന്നാലും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്നാണ് ട്രംപിന്റെ അവകാശ വാദം. എന്താണ് ഈ ഭീഷണിക്കു പിന്നിലെ കാരമെന്നറിയാമോ? ലോകത്ത് ഇപ്പോൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നത് അപൂർവ ഭൗമധാതുക്കൾക്കൾക്കും ലോഹങ്ങൾക്കും വേണ്ടിയുള്ള തേരോട്ടമാണ്. മഞ്ഞുരുക്കം അതിവേഗത്തിലായ ഏറ്റവും വലിയ ദ്വീപിനടിയിലെ ഈ ‘നിധി’യിൽ കണ്ണുവെച്ചാണ് ട്രംപ് ഇറങ്ങിയിരിക്കുന്നത്.
കച്ചവടത്തിന്റെ യുദ്ധമുഖം തുറക്കുന്നു
ചൈനയോടുള്ള മൽസരയോട്ടമാണ് യഥാർത്ഥത്തിൽ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള പോർമുഖങ്ങളായി വികാസം പ്രാപിക്കുന്നത്. കാരണം ഭൂമിയിലെ അപൂർവ ധാതുക്കളുടെ ശേഖരം ഏറ്റവും കൂടുതൽ കൈവശം വെച്ചിരിക്കുന്നത് ചൈനയാണ്. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ചെമ്പ്, ലിഥിയം, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കളുടെ 47ശതമാനം മുതൽ 87ശതമാനം വരെ ശുദ്ധീകരിക്കുന്ന ചൈന നിലവിൽ ആഗോള നിർണായക ധാതു വിതരണ ശൃംഖലയിൽ ആധിപത്യം പുലർത്തുന്നു.
എന്നാൽ, ചൈന കഴിഞ്ഞ വർഷം വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് നിർണായക ധാതുക്കളുടെ ആഗോള വിതരണം തടസ്സപ്പെട്ടു. അപൂർവ ഭൗമ ലോഹങ്ങളായ ലിഥിയം, കൊബാൾട്ട് തുടങ്ങിയ ധാതുക്കളുടെ വിതരണത്തിനായി വികസിത സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും ചൈനയെ വളരെയധികം ആശ്രയിച്ചിരുന്നതിനാൽ അവർക്കിത് ഇരുട്ടടിയായി. കൂടാതെ, ആഗോള വ്യാപാര മൽസരം കടുപ്പിച്ച യു.എസ് ആവട്ടെ ബദലുകൾക്കുള്ള പരക്കംപാച്ചിലിലുമാണ്.
വൈദ്യുത വാഹനങ്ങൾ, പുനരുപയോഗ ഊർജം, പ്രതിരോധ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവക്ക് അത്യാവശ്യമായ നിർണായക ധാതുക്കളാണിവ. സെമി കണ്ടക്ടറുകൾ, ഹരിത ഊർജ സാങ്കേതികവിദ്യകൾ, ഇലക്ട്രക് വാഹനങ്ങൾ, ബാറ്ററികൾ, സൈനിക ഉപകരണങ്ങൾ എന്നിവ നിർമിക്കാൻ ഈ വസ്തുക്കൾ അത്യന്താപേക്ഷിതമാണ്. ഇവയുടെ എല്ലാം കേദാര ഭൂമിയാണ് ഗ്രീൻലാൻഡ്.
ഗ്രീൻലാൻഡ് എന്ന ‘നിധി കുംഭം’
യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് എണ്ണ, വാതകം, സ്വർണ്ണം, നിക്കൽ, കൊബാൾട്ട് എന്നിവയുടെ വൻ ശേഖരം ഗ്രീൻലാൻഡിലുണ്ട്. തരംതിരിച്ച 34 അപൂർവ ഭൗമ ധാതുക്കളിൽ ഏകദേശം 23 എണ്ണം ഇവിടെയുണ്ട്.
ലോകത്തുടനീളം നിരത്തുകളെ കീഴടക്കിക്കൊണ്ടിരിക്കുന്ന വൈദ്യുതി വാഹനങ്ങളിൽ ബാറ്ററിക്ക് കൊബാൾട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ കാലം അവസാനിച്ചാലും ചക്രങ്ങൾ ഉരുളണമെങ്കിൽ ഇവയുടെ സാന്നിധ്യം അത്യാവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ഒന്നാമത്തേയോ രണ്ടാമത്തേയോ കൊബാൾട്ട് നിക്ഷേപമാകും ഗ്രീൻലൻഡിലെന്ന് ഇവിടെ കണ്ണുവെച്ചവർ കരുതുന്നു.
ഗ്രീൻലൻഡിലെ ഡിസ്കോ ദ്വീപ്, നൂസുവാഖ് ഉപദ്വീപ് എന്നിവ കേന്ദ്രീകരിച്ച് അപൂർവ ഖനിജങ്ങൾ തേടിയുള്ള ഖനനത്തിനുള്ള മുന്നൊരുക്കങ്ങൾ ആഗോള കോർപറേറ്റ് ഭീമൻമാർ നേരത്തെ തുടങ്ങിയിട്ടുണ്ട്. ബിൽ ഗേറ്റ്സ്, ജെഫ് ബൊസോസ്, ബ്ലൂംബെർഗ് എന്നിവരുടെ സംയുക്ത സംരഭമായ ‘കോബോൾഡ് മെറ്റൽസ്’ എന്ന കമ്പനി നിർണായക ബാറ്ററി ധാതുക്കൾക്കായി പര്യവേക്ഷണം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ആശങ്കകൾ ഉയർന്നിട്ടും ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട വിഭവങ്ങൾ കണ്ടെത്തുന്നതിനായി നിർമിത ബുദ്ധിയും ഡ്രില്ലിംഗും കമ്പനി ഉപയോഗിച്ചു. പുറമെ ഖനന പര്യവേക്ഷണത്തിനായി ഭൂഗർഭ ശാസ്ത്രജ്ഞർ, ഭൗമോർജതന്ത്രജ്ഞർ ഉൾപ്പടെ വൻസംഘം ഇവിടെ ക്യാമ്പു ചെയ്യുന്നു. ഡ്രോണുകളും ഹെലികോപ്ടറുകളും സഹായത്തിനായുണ്ട്. മഞ്ഞുരുക്കത്തിന് വേഗംകൂടിയതോടെ വലിയ യന്ത്രങ്ങളുമായി കപ്പലുകൾ എത്തുന്നത് പ്രവൃത്തികളുടെ വേഗം കൂട്ടി.
അതേസമയം, ആർട്ടിക്ക് ധ്രുവമേഖലയെ കുറിച്ച് പഠിക്കുന്ന പരിസ്ഥിതി ഗവേഷകർക്ക് കടുത്ത ആധി നൽകുന്നതാണ് ഗ്രീൻലാൻഡിലെ മഞ്ഞുരുക്കം. ഭൂമിയുടെ ചൂട് ഇവ്വിധം കുതിക്കുന്നപക്ഷം അടുത്ത രണ്ടോ മൂന്നോ ദശകത്തിനുള്ളിൽ പ്രദേശത്തുനിന്ന് മഞ്ഞ് അപ്രത്യക്ഷമാകുമെന്നതാണ് അവർ ഉയർത്തുന്ന ആശങ്ക. എന്നാൽ, ഈ മഞ്ഞുരുക്കത്തിന്റെ ആക്കം കൂടാൻ കാത്തിരിക്കുകയാണ് കോർപറേറ്റ് ഭീമൻമാർ.
ട്രംപിന്റെ മുന്നിലുള്ള വെല്ലുവിളികൾ
ട്രംപ് ഗ്രീൻലാൻഡ് ഏറ്റെടുത്താലും, യു.എസിന് പതിറ്റാണ്ടുകളോളം ചൈനയെ മറികടക്കാൻ കഴിയില്ല. അതിനുള്ള പ്രധാനകാരണങ്ങൾ ഇവയാണ്. ഗ്രീൻലാൻഡിൽ അടിസ്ഥാന സൗകര്യങ്ങളില്ല. അവ നിർമിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. മഞ്ഞുരുകിയ മണ്ണിനടിയിൽ വിലയേറിയ ലോഹങ്ങളായ നിക്കൽ, കൊബാൾട്ട് എന്നിവയുടെ വൻശേഖരം തിരിച്ചറിഞ്ഞ് ശതകോടികൾ മുടക്കാൻ അതിസമ്പന്നരായ കോർപറേറ്റുകൾ നേരത്തെ തുനിഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു വെല്ലുവിളി.
ഗ്രീൻലാൻഡിന്റെ വിദൂരത്വവും കഠിനമായ ആർട്ടിക് പരിസ്ഥിതിയും ഖനനത്തിന് അടിസ്ഥാന തടസ്സങ്ങളാണ്. ദ്വീപിന്റെ ഭൂരിഭാഗവും ഹിമത്തിനടിയിലാണ്. ധാതു നിക്ഷേപം കാണപ്പെടുന്ന ഐസ് രഹിത പ്രദേശങ്ങളിൽ പോലും റെയിൽവേകളില്ല. കുറച്ച് റോഡുകൾ, പരിമിതമായ തുറമുഖ സൗകര്യം, മിക്കയിടത്തും വൈദ്യുതി ഗ്രിഡുകൾ ഇല്ല. വ്യാവസായിക ഖനനത്തിനായി പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികളും ഇല്ല. ഇവയെല്ലാം വലിയ തോതിലുള്ള നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങളാണ്.
ഗ്രീൻലാൻഡിൽ ഒരു ആധുനിക ഖനി നിർമിക്കുന്നത് ആസ്‌ട്രേലിയയിലോ ബ്രസീലിലോ ചൈനയിലോ തുറക്കുന്നത് പോലെയല്ല. ഗ്രീൻലാൻഡിന്റെ സമൂഹങ്ങൾ ചിതറിക്കിടക്കുന്നവയാണ്. പല പട്ടണങ്ങൾക്കും പരസ്പരം നേരിട്ടുള്ള ബന്ധമില്ല. റോഡുകളും വ്യോമതാവളങ്ങളും മുതൽ ഊർജ വിതരണവും തൊഴിലാളികൾക്കുള്ള പാർപ്പിടവും വരെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും വലിയ ചിലവിൽ പുതുതായി സൃഷ്ടിക്കപ്പെടണം. ധാതുക്കൾ കയറ്റുമതി ചെയ്യുന്നതിന് കാര്യക്ഷമമായ ഗതാഗത ലിങ്കുകൾ ആവശ്യമാണ്.
ഒരിക്കൽ അയിര് കുഴിച്ചെടുത്തു കഴിഞ്ഞാൽ അത് സംസ്കരിക്കേണ്ടതുണ്ട്. പിന്നീട് അത് കൊണ്ടുപോകുകയും ആഗോള വിപണികളുമായി ബന്ധിപ്പിക്കുകയും വേണം. ചൈനക്കാവട്ടെ ഇതിൽ വലിയ വൈദഗ്ധ്യമുണ്ട്. അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഖനനം പ്രയോജനപ്പെടുത്തുന്നതിന് മുമ്പ് ഇവിടെയുള്ള ഏതൊരു ഖനന പദ്ധതിക്കും വർഷങ്ങളോളം പണവും പരിശ്രമവും ചെലവഴിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.