വാഷിങ്ടൺ: വെനിസ്വേലയിലെ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും പ്രസിഡന്റിനെ പിടികൂടിയതിനും പിന്നാലെ താനാണ് രാജ്യത്തിന്റെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം. വെനിസ്വേലയിൽ നിലവിൽ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
വിക്കിപ്പീഡിയയിലെ പ്രൊഫൈലിൽ ‘വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് കൂട്ടിച്ചേർത്തിരിക്കുന്ന എഡിറ്റഡ് സ്ക്രീൻ ഷോട്ട് ഇമേജിനൊപ്പമാണ് 2026 ജനുവരി മുതൽ ‘വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്‘ എന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയത്.
വെനിസ്വേലൻ സുപ്രിം ട്രൈബ്യൂണൽ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടർച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേൽക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് നിലവിൽ വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനിസ്വേലയിലെ സുപ്രീം ട്രൈബ്യൂണൽ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാൻ ഉത്തരവിട്ടത്.
ജനുവരി മൂന്നിന് പുലർച്ചെ രണ്ടോടെയാണ് സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. പിന്നാലെ വെനലസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് പിറ്റേദിവസം ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യു.എസുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനായി ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയൊണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മദൂറോയേക്കാൾ വലിയ വില വെനിസ്വേല നൽകേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാരക്കാസിലെ ആക്രമണത്തിൽ ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറോളം പേർ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. മദൂറോക്കും ഭാര്യക്കുമെതിരെ ലഹരിമരുന്ന് ഇറക്കുമതിയടക്കമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.