ലണ്ടൻ: മുൻ റഷ്യൻ ഏജൻറ് സെർജി സ്ക്രിപലിനും മകൾ യൂലിയക്കും നേരെയുണ്ടായ വധശ്രമത്തിൽ ഇരുവർക്കും വിഷബാധയേറ്റത് സ്വന്തം വീട്ടിലെ പ്രവേശന കവാടത്തിൽവെച്ചെന്ന് ബ്രിട്ടീഷ് അന്വേഷണ ഏജൻസി സ്കോട്ട്ലൻഡ് യാർഡ്. സാലിസ്ബറിയിലെ വീട്ടിലെത്തിയാണ് അക്രമി വിഷപ്രയോഗം നടത്തിയത്. ഇവിടെ വിഷവാതകം എത്തിച്ച വ്യക്തിയെ കണ്ടെത്താനാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. പരിസരവാസികളെയും ചോദ്യംചെയ്യും.
മാർച്ച് നാലിനാണ് സാലിസ്ബറിയിലെ പാർക്കിൽ സ്ക്രിപലിനെയും മകളെയും ബോധമറ്റ നിലയിൽ കണ്ടെത്തിയത്. ഇവർക്കുനേരെ പ്രയോഗിച്ചത് നോവിചോക്ക് എന്ന വിഷവസ്തുവാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ദിവസങ്ങൾ കഴിഞ്ഞ് വ്യക്തമാക്കിയിരുന്നു. നേരേത്ത, സോവിയറ്റ് റഷ്യയായിരുന്ന കാലത്ത് റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച വിഷവാതകമാണിത്. വീടിനു മുന്നിൽ ബൊക്കെയായോ ചെറിയ പൊടികളായോ ആകാം ഇത് പ്രയോഗിച്ചതെന്നാണ് കരുതുന്നത്. ഇരുവരും ഭക്ഷണംകഴിച്ച മേശയിൽ ഉൾപ്പെടെ വിഷവാതകത്തിെൻറ സാന്നിധ്യം കണ്ടെത്തി.
ആരോപണം പാശ്ചാത്യ കുപ്രചാരണമാണെന്ന് പറഞ്ഞ് റഷ്യ തള്ളിയെങ്കിലും കടുത്ത നടപടികളുമായി ബ്രിട്ടനും യു.എസും മറ്റു 20ലേറെ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. നിരവധി റഷ്യൻ നയതന്ത്ര ഉേദ്യാഗസ്ഥരാണ് സംഭവത്തിെൻറ പേരിൽ പുറത്താക്കപ്പെട്ടത്. അതിനിടെ, വിഷവാതക പ്രയോഗത്തിനിരയായ സ്ക്രിപലിെൻറ മകൾ യൂലിയ ആശുപത്രിയിൽ സുഖം നേടുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.