മയിലിന്​ യുനൈറ്റഡ്​ എയർലൈൻസ്​ വിമാന യാത്ര നിഷേധിച്ചു

ന്യൂയോർക്ക്​: വിമാനത്താവളത്തിലെത്തിയ വളർത്തുമയിലിന്​ യുനൈറ്റഡ്​ എയർലൈൻസ്​​  വിമാനയാത്ര നിഷേധിച്ചു​. ന്യൂ ജേർസിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ന്യൂയോർക്കിലെ ജെറ്റ്​ സെറ്റ്​ എന്ന ഷോയുടെ തിരക്കഥാകൃത്താണ്​ മയിലുമായി വിമാനത്താവളത്തിലെത്തിയത്​. എന്നാൽ വിമാനസർവീസ്​ ചട്ടപ്രകാരം മയിലിനെ വിമാനത്തിൽ കയറ്റാൻ കഴിയില്ലെന്ന്​ അധികൃതർ വ്യക്തമാക്കി.  സീറ്റ് ലഭിക്കാന്‍ അധികച്ചെലവ് വഹിക്കാന്‍ താന്‍ തയാറാണെന്നും വൈകാരിക പിന്തുണ നൽകുന്ന മൃഗം/പക്ഷിയുമായി യാത്ര ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നും  ഇവര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 

മയിലിന് ഭാരക്കൂടുതലും വലിപ്പക്കൂടുതലും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പേ ഇക്കാര്യങ്ങള്‍ തങ്ങള്‍ യാത്രക്കാരോട് വിശദീകരിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. മയിലിനെ വെറ്റിനറി ഡോക്​ടർ പരിശോധിച്ച്​ ഒപ്പുവെച്ച രേഖയും പരിശീലനം ലഭിച്ചതാണെന്ന സർട്ടിഫിക്കറ്റും നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. മയിൽ വിമാനത്തിനുള്ളിൽ പറന്നാൽ അത്​ യാത്രക്കാർക്കും ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കും ബുദ്ധിമുട്ടാണെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. മയിലിന്​ യാത്ര നിഷേധിച്ചതോടെ യാത്രക്കാരിയും വിമാനയാത്ര വേണ്ടെന്ന്​ ​െവക്കുകയായിരുന്നു. 

യാത്രക്കാര്‍ക്ക് വൈകാരിക പിന്തുണ നല്‍കാന്‍ മൃഗങ്ങളോ ഇത്തരം ജീവികളോ പക്ഷികളോ ആയി യാത്ര ചെയ്യാമെന്ന നിയമമുണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ് ഇമോഷണല്‍ സപ്പോര്‍ട്ട് ആനിമല്‍സ്. സാധാരണയായി പട്ടികളോ പൂച്ചകളോ ആണ് ഇതിനായി നിയോഗിക്കപ്പെടുന്നത്. എന്നാല്‍ തത്ത, ടർക്കി, പന്നി,കുരങ്ങന്‍, മയില്‍ എന്നിവയും ഈ വിഭാഗത്തില്‍ പെടുന്നു. യുണൈറ്റഡ് കിങ്ഡം, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാണ്.

യുണൈറ്റഡ് എയര്‍ലൈന്‍സ് കൂടാതെ ഡെല്‍റ്റ എയര്‍ലൈന്‍സ്, എയര്‍ കാനഡ, ജെറ്റ് ബ്ലൂ, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഫ്രൻറ്​ലൈന്‍, യു.എസ് എയര്‍വെയ്‌സ് തുടങ്ങി പല വിമാന സര്‍വീസുകളിലും ഇമോഷണല്‍ സപ്പോര്‍ട്ട് അനിമല്‍സുമായി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ ഇൗ സേവനത്തിനാണ്​ യുണൈറ്റഡ് എയര്‍ലൈന്‍സ് വീഴ്ച വരുത്തിയത്. 

നേരത്തേ ഡെല്‍റ്റ എയര്‍ലൈന്‍സും ഇതു സംബന്ധിച്ച നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മൃഗങ്ങളെ വിമാനത്തില്‍ ഇരുത്താന്‍ പാകത്തിന് പരിശീലനം നല്‍കിയിട്ടുണ്ടോ എന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനം വേണമെന്നാണ് പുതിയ മാറ്റങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് അറിപ്പ്.

Tags:    
News Summary - Peacock Denied Boarding By United Airlines- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.