2017 പിറന്നു

ബര്‍ലിന്‍: പ്രതീക്ഷയുടെ പുത്തന്‍ സ്വപ്നങ്ങളുമായി 2017 പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയും ന്യൂസിലന്‍ഡുമാണ് ആദ്യം 2017ലേക്ക് കടന്നത്. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡാണ് പുതുവര്‍ഷം ആദ്യം വിരുന്നത്തെിയ ലോക നഗരം. ആഘോഷങ്ങള്‍ക്ക് തിളക്കം നഷ്ടമാവാതിരിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണം തടയുന്നതിന് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയതെന്ന് ബര്‍ലിന്‍ പൊലീസ് പറഞ്ഞു. 1700 പൊലീസ് ഓഫിസര്‍മാരെയാണ് വിന്യസിച്ചത്. വെടിമരുന്നുപ്രയോഗങ്ങളും ഗ്ളാസ് ബോട്ടിലുകളും നിരോധിച്ചിട്ടുണ്ട്. ഡിസംബറില്‍ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തില്‍ 12 പേരുടെ ജീവന്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണിത്. 

പാരിസിലെ ഈഫല്‍ ടവറിനു സമീപത്തും വെടിമരുന്നുപ്രയോഗം നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് പൊതുഅവധി ദിനങ്ങളില്‍ 90,000ത്തോളം പൊലീസുകാരെ വിന്യസിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലീ റോക്സ് പറഞ്ഞു. പുതുവത്സരദിനത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നു സംശയിച്ച് മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആക്രമണ ഭീഷണി മുന്നില്‍ക്കണ്ട് ബ്രസല്‍സിലും സുരക്ഷ ശക്തമാക്കി.   കഴിഞ്ഞവര്‍ഷവും പുതുവര്‍ഷാഘോഷത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സ്പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 1600 പൊലീസുകാരെ അധികം വിന്യസിച്ചു. ഇറ്റലിയും ഭീതിയുടെ നിഴലിലാണ് ആഘോഷത്തിനൊരുങ്ങുന്നത്. ന്യൂയോര്‍ക്കില്‍ പതിവു സുരക്ഷക്കു പുറമെ നൂറുകണക്കിന് പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് ഇക്കുറി സിഡ്നിയിലെ പുതുവത്സരാഘോഷം.

Tags:    
News Summary - new year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.