ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ഏറ്റവും ഭീകരമായി ബാധിച്ച ന്യൂനപക്ഷ സമൂഹങ്ങളിൽ ഒന്നാമത് ഇന്ത്യൻ വംശജർ. ബ്രിട്ടനിൽ ഉടനീളമുള്ള വിവിധ ആശുപത്രികളിലെ കണക്ക് ഇക്കാര്യം വ്യക് തമാക്കുന്നതാണ്. നാഷനൽ ഹെൽത്ത് സർവിസ് (എൻ.എച്ച്.എസ്) പുറത്തുവിട്ട കണക്കുപ്രകാരം, ഏപ്രിൽ 17 വരെ കോവിഡ് ബാധിച്ച് ആശുപത്രികളിൽ മരിച്ചത് 13,918 പേരാണ്. ഇതിൽ 16.2 ശതമാനം പേർ ഏഷ്യക്കാർ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളാണ്.
ഇതിൽ മൂന്ന് ശതമാനം പേർ ഇന്ത്യൻ വംശജരാണ്. തൊട്ടുപിന്നിൽ കരീബിയക്കാരാണ്. 2.9 ശതമാനം കരീബിയൻ വംശജർ മരണത്തിന് കീഴടങ്ങി. മരിച്ച പാകിസ്താനികളുടെ ശതമാനം 2.1 ആണ്.
ചില സമൂഹങ്ങളിൽ ഹൃദ്രോഗം, പ്രമേഹം, ചില വിറ്റാമിനുകളുടെ കുറവ് തുടങ്ങിയവ കൂടുതലാണെന്നും അതാകാം ഈ വ്യത്യാസത്തിന് കാരണമെന്നും വിദഗ്ധർ കരുതുന്നു. കൂട്ടമായി താമസിക്കുന്നവർ സാമൂഹിക അകലം പാലിക്കാത്തതും പ്രശ്നമായി കരുതുന്നു.
യൂറോപ്പിലെ മരണങ്ങൾ ഏറെയും വൃദ്ധസദനങ്ങളിൽ
ലണ്ടൻ: കോവിഡ്മൂലം യൂറോപ്യൻ രാജ്യങ്ങളിൽ മരിച്ചവരിൽ പകുതിയും വൃദ്ധസദനങ്ങളിലുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) റീജനൽ ഡയറക്ടർ (യൂറോപ്) ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു. ഇത് സങ്കൽപിക്കാനാകാത്ത മാനുഷിക ദുരന്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൃദ്ധസദനങ്ങളിൽ ജോലിചെയ്യുന്നവരുടെ കാര്യവും കഷ്ടമാണ്. അവർ കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നവരാണ്. വേണ്ടത്ര സുരക്ഷ സൗകര്യങ്ങളില്ലാതെയാണ് അവർ തൊഴിലെടുക്കുന്നത്. അവരാണ് ഈ രോഗചികിത്സക്കാലത്തെ താരങ്ങൾ. അവർക്ക് എല്ലാ സുരക്ഷ ഉപകരണങ്ങളും ഒരുക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ക്ലൂഗ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.