‘വിപ്ലവകരമായ ദൗത്യം നിറവേറ്റാനുണ്ട്’; ക്യൂബൻ സംഘം ഇറ്റലിയിൽ

റോം: കോവിഡ് 19 കനത്ത പ്രഹരമേൽപ്പിച്ച യൂറോപ്യൻ രാഷ്ട്രമായ ഇറ്റലിയിൽ ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി. 36 ഡോക്ടർമാർ, 15 നഴ്സുമാർ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് കോവിഡ് മഹാമാരിയെ നേരിടാൻ കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കരീബിയൻ ദ്വീപ് രാഷ്ട്രമായ ക്യൂബ ഇറ്റലിയിലേക്ക് അയച്ചത്. കോവിഡ് വ്യാപനം തടയുന്നതിൽ ഇറ്റാലിയൻ സർക്കാറിനെ സഹായിക്കുകയാണ് സംഘത്തിന്‍റെ ചുമതല.

ഇറ്റലിയിൽ കോവിഡ് കനത്ത നാശം വിതച്ച ലോംബാർഡി നഗരത്തിൽ വിമാനം ഇറങ്ങിയ സംഘത്തിന് ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു.

‘‘ഞങ്ങൾക്കെല്ലാവർക്കും ഭയമുണ്ട്; എന്നാൽ വിപ്ലവകരമായ ഒരു ലക്ഷ്യം നിറവേറ്റാനുണ്ട്. അതിനാൽ ഞങ്ങൾ ഭയം മാറ്റിവെക്കുന്നു’’ -ലോംബാർഡിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ക്യൂബൻ മെഡിക്കൽ സംഘത്തിലെ ഡോ. ലിയോനാർഡോ ഫെർണാണ്ടസ് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവർ സൂപ്പർ ഹീറോയാണ്. പക്ഷേ, ഞങ്ങൾ സൂപ്പർ ഹീറോ അല്ല. വിപ്ലവകാരികളായ ഡോക്ടർമാരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിൽ ഏറെ മുന്നിൽ നിൽക്കുന്ന ക്യൂബയിൽ 35 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ മാത്രമാണ് മരിച്ചത്. സമീപ രാജ്യമായ യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. 457 പേർ മരിക്കുകയും ചെയ്തു. ഇറ്റലിയിൽ 5476 പേർ മരിച്ചുകഴിഞ്ഞു.

കോവിഡ് വ്യാപനം തടയാനായി മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്ന ക്യൂബയുടെ ആറാമത് സംഘമാണ് ഇറ്റലിയിലെത്തിയത്. ക്യൂബയുടെ സോഷ്യലിസ്റ്റ് സഖ്യരാജ്യമായ വെനസ്വേലയിലേക്കും നിക്കരാഗ്വേ, ജമൈക്ക, സുരിനാം, ഗ്രനഡ എന്നീ രാജ്യങ്ങളിലേക്കും ക്യൂബ മെഡിക്കൽ സംഘത്തെ അയച്ചിട്ടുണ്ട്.

2010ൽ ആഫ്രിക്കയിൽ പടർന്നുപിടിച്ച എബോളയെ നേരിടാനും മുൻനിര‍യിലുണ്ടായിരുന്നത് ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘമാണ്.

പൊതുജനാരോഗ്യ മേഖലക്ക് ഏറെ പ്രാധാന്യമുള്ള ക്യൂബയിൽ ഓരോ 1000 പേർക്കും 8.2 ഡോക്ടർമാരാണ് ലഭ്യമായിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ അനുപാതമാണിത്. ഇന്ത്യയിൽ ഇത് 1800 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിലാണ്.

1959ലെ വിപ്ലവത്തിന് ശേഷം യു.എസിന്‍റെ നേതൃത്വത്തിൽ മുതലാളിത്ത രാഷ്ട്രങ്ങൾ കടുത്ത ഉപരോധം ഏർപ്പെടുത്താൻ തുടങ്ങിയതോടെയാണ് ആരോഗ്യ മേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങൾക്ക് ക്യൂബ തുടക്കമിട്ടത്. മരുന്ന് അവശ്യവസ്തുവാണെന്നും ജനങ്ങൾക്ക് അത് പരമാവധി വിലകുറച്ച് ലഭ്യമാക്കണമെന്നുമുള്ള ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോയുടെ ആദർശം ഇന്നും രാജ്യം കൃത്യമായി നടപ്പാക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിതരായ യാത്രക്കാരുമായി കരീബിയൻ കടലിൽ കുടുങ്ങിയ ബ്രിട്ടീഷ് കപ്പലിന് ക്യൂബ അഭയം നൽകിയിരുന്നു. ബ്രിട്ടന്‍റെ സഖ്യരാഷ്ട്രങ്ങൾ പോലും തുറമുഖം നിഷേധിച്ചപ്പോഴാണ് കോവിഡ് ബാധിതരുള്ള കപ്പൽ തങ്ങളുടെ തീരത്ത് അടുപ്പിക്കാൻ മാനവികത മുൻനിർത്തി ക്യൂബ തീരുമാനിച്ചത്. ബ്രിട്ടൻ ഇക്കാര്യത്തിൽ ക്യൂബയോട് നന്ദി അറിയിച്ചിരുന്നു.

Tags:    
News Summary - cuban medical team reched italy -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.