ലണ്ടൻ: കോവിഡ് വ്യാപനം തടയാൻ ലോകം ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളുമായി കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ രോഗികളുടെ എണ്ണം 40 ലക്ഷം കഴിഞ്ഞു. ഡിസംബർ അവസാനം ചൈനയിലെ വൂഹാനിൽ രോഗം കണ്ടെത്തിയത് മുതൽ ആയിരം രോഗികൾ തികയാൻ ഒരു മാസത്തോളമെടുത്തെങ്കിൽ പിന്നീട് രോഗികളുടെ എണ്ണം കുതിച്ചുകയറുകയായിരുന്നു.
ചൈനക്ക് പുറത്ത് ആദ്യം ദക്ഷിണ കൊറിയയിൽ ആയിരുന്നു രോഗം ഭീതി പടർത്തിയതെങ്കിൽ പിന്നീട് ഇറാനും ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും ബ്രിട്ടനും അമേരിക്കയും റഷ്യയും ബ്രസീലുമെല്ലാം കോവിഡിെൻറ സമൂഹ വ്യാപനത്തിൽ വിറച്ചു. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഈ വൈറസിനെ ഭയപ്പെട്ടപ്പോൾ പലയിടങ്ങളിലും വാർധക്യത്തിലേക്ക് എത്തിയവരെ ചികിത്സിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്ന സ്ഥിതിയിലേക്കും എത്തി.
ജനുവരി 24നാണ് ലോകത്ത് കോവിഡ് രോഗികൾ ആയിരം തികഞ്ഞതെങ്കിൽ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പതിനായിരം ആയി. അവിടെ നിന്ന് അരലക്ഷത്തിലെത്താൻ 12 ദിവസമാണെടുത്തത്. രോഗം കണ്ടെത്തി 50 ദിവസം ആകാറായപ്പോൾ മാർച്ച് ആറിനാണ് ലോകത്ത് രോഗികൾ ലക്ഷമെത്തിയത്. 12 ദിവസം കൂടി പിന്നിട്ടപ്പോൾ ഇരട്ടിയായി രണ്ട് ലക്ഷമായെങ്കിൽ ഒരു ലക്ഷം കൂടി രോഗികൾ ഉണ്ടാകാൻ മൂന്ന് ദിവസമാണ് എടുത്തത്. മാർച്ച് 21ന് മൂന്ന് ലക്ഷമായെങ്കിൽ അഞ്ച് ദിവസം കൂടി കഴിഞ്ഞ് മാർച്ച് 26ന് അഞ്ച് ലക്ഷമായി.
അഞ്ച് ലക്ഷത്തിൽ നിന്ന് രോഗികൾ പത്ത് ലക്ഷത്തിലേക്ക് എത്താൻ കേവലം ഒരാഴ്ചയാണ് എടുത്തത്. ഏപ്രിൽ രണ്ടിന് പത്ത് ലക്ഷവും 15ന് 20 ലക്ഷവും 27ന് 30 ലക്ഷവും രോഗികൾ ആയി. മേയ് എട്ടിനാണ് രോഗികൾ 40 ലക്ഷം കടന്നത്. അതേസമയം, ചൈനക്കും ദക്ഷിണെകാറിയക്കും പൂർണമായും നിയന്ത്രിക്കാനും സാധിച്ചു. ആദ്യ സമയം രോഗം ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലും ജർമനിയിലും രോഗ വ്യാപനം കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.