ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു

ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നായി അഭയം തേടിയത്തെിയവര്‍ക്കെതിരായ ആക്രമണം ജര്‍മനിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 3500ലധികം അഭയാര്‍ഥികര്‍ തദ്ദേശീയരുടെ ആക്രമണത്തിനിരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിദിനം പത്ത് ആക്രമണ സംഭവങ്ങളെങ്കിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പൊലീസ് വൃത്തങ്ങളും സമ്മതിക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ കുട്ടികളാണ്.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയ രാജ്യമാണ് ജര്‍മനി. എന്നാല്‍, അടുത്തകാലത്തായി രാജ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അഭയാര്‍ഥി നയത്തിനെതിരെ രംഗത്തുവന്നിരുന്നു. അഭയാര്‍ഥികള്‍ക്കിടയില്‍ തീവ്രവാദികള്‍ കടന്നുകൂടിയെന്ന വാദം ഉന്നയിച്ചാണ് കുടിയേറ്റവിരുദ്ധ ആശയക്കാരായ ഈ പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ ബര്‍ലിനിലെ ക്രിസ്മസ് ചന്തയിലുണ്ടായ ഭീകരാക്രമണത്തിനുശേഷം ഈ പ്രചാരണം ശക്തമാവുകയും ചെയ്തു. എന്നാല്‍, ഇതിനിടയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികള്‍ വ്യാപകമായി ആക്രമണത്തിനിരയാകുന്നുണ്ടായിരുന്നു.

2014ല്‍ അഭയാര്‍ഥികള്‍ക്കുനേരെ 199 ആക്രമണസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം അത് 988ലത്തെി; അതിനുശേഷം, 3500ഉം. ആക്രമണസംഭവങ്ങള്‍ കുത്തനെ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രമായ ജര്‍മനി ഇതിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. 2015ല്‍ മാത്രം ഇവിടെ എട്ടു ലക്ഷത്തിലധികം പേര്‍ അഭയം തേടിയത്തെിയിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയുമായി ഉണ്ടാക്കിയ അഭയാര്‍ഥി കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ കഴിഞ്ഞവര്‍ഷം അത് രണ്ടര ലക്ഷത്തിലേക്ക് താഴ്ന്നിട്ടുണ്ട്.

 

Tags:    
News Summary - attack on refugees increase in germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.