ബോസ്നിയ വംശഹത്യ: കരാജിച്ച് കുറ്റക്കാരന്‍, 40 വര്‍ഷം തടവ്

ഹേഗ്: സെബ്രനിക കൂട്ടക്കൊലയിലുള്‍പ്പെടെ 1992-95 കാലത്ത് ബോസ്നിയയില്‍ നടന്ന വംശഹത്യയില്‍ മുന്‍ സെര്‍ബ് നേതാവ് റദോവന്‍ കരാജിച്ച് കുറ്റക്കാരനാണെന്ന് ഹേഗ് ആസ്ഥാനമായുള്ള യു.എന്‍ കോടതി വിധിച്ചു. ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന 11 കേസുകളില്‍ 10ലും പ്രതിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 40 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. 


രണ്ടാംലോക യുദ്ധത്തിനുശേഷം നടന്ന ഏറ്റവുംവലിയ യുദ്ധക്കുറ്റങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന ബോസ്നിയ വംശഹത്യയില്‍ ശിക്ഷിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവാണ് 70കാരനായ കരാജിച്ച്. യുദ്ധകാലത്ത് സെര്‍ബ് സേനയുടെ കമാന്‍ഡറായിരുന്ന അദ്ദേഹം നേരിട്ട് നേതൃത്വം നല്‍കിയാണ് കുരുതികളിലേറെയും നടന്നിരുന്നത്. 
സെബ്രനികയിലെ എട്ടായിരത്തോളം പുരുഷന്മാരെയും കുട്ടികളെയും ഒഴിഞ്ഞ ഗ്രൗണ്ടിലത്തെിച്ച് കൂട്ടമായി വെടിവെച്ചുകൊന്ന മഹാക്രൂരതക്കുപിന്നില്‍ കരാജിച്ചുണ്ടായിരുന്നതായി അന്വേഷണസംഘം പറഞ്ഞു. സരയാവോ പട്ടണം മാസങ്ങള്‍ നീണ്ട ഉപരോധത്തിനിടെ 12,000ത്തോളം മുസ്ലിംകളെ കുരുതിനടത്തിയതും ബോസ്നിയയിലെ നിരവധി നഗരങ്ങളില്‍ പലഘട്ടങ്ങളിലായി കൂട്ടക്കൊലകള്‍ നടത്തിയതും അദ്ദേഹത്തിന്‍െറ സേനയാണെന്നും യു.എന്‍ കോടതി ജഡ്ജി ഒ-ഗോന്‍ വോന്‍ വ്യക്തമാക്കി. സെബ്രനികയില്‍ സൈന്യത്തെ നിയന്ത്രിക്കാന്‍ അധികാരമുണ്ടായിരുന്ന ഏകവ്യക്തിയെന്ന നിലയില്‍ കുരുതി തടയുന്നതിനുപകരം നടത്താന്‍ മുന്നില്‍ നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അഞ്ചുവര്‍ഷം നീണ്ട അന്വേഷണവും ഒന്നരവര്‍ഷത്തെ ഇടവേളയും പിന്നിട്ടാണ് യു.എന്‍ കേസില്‍ കരാജിച്ചിനെ കുറ്റക്കാരനായി വിധിക്കുന്നത്. ഒന്നര മണിക്കൂറിലേറെയെടുത്താണ് കോടതി പ്രതിക്കെതിരായ കുറ്റവും ശിക്ഷയും വായന പൂര്‍ത്തിയാക്കിയത്. ഇരകളുടെ കുടുംബങ്ങള്‍ കോടതിമുറിയില്‍ തിങ്ങിനിറഞ്ഞിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ അറിയിച്ചു. 
നാലുവര്‍ഷംകൊണ്ട് ലക്ഷം പേരാണ് ബോസ്നിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.