ഫ്ലോറിഡയിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ളബില്‍ അതിക്രമിച്ച് കടന്നയാള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. ഒര്‍ലാന്‍ഡോ പ്രദേശത്തെ പള്‍സ് ക്ളബില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഫ്ളോറിഡയില്‍ ഗവര്‍ണര്‍ റിക് സ്കോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം ഭീകരാക്രണം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ ചരിത്രത്തിലെതന്നെ ഏറ്റവും ഭീകരമായ വെടിവെപ്പാക്രമണമാണ് ഇവിടെ അരങ്ങേറിയതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ളബുകളിലൊന്നാണ് അക്രമം നടന്ന പള്‍സ് ഒര്‍ലാന്‍ഡോ. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ളബ്ബിലുണ്ടായിരുന്നു. അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ളബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. 40 തവണയെങ്കിലൂം ഇയാള്‍ വെടിയുതിര്‍ത്തുവത്രെ.  മൂന്ന് മണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവസ്ഥലത്തത്തെിയത്. 29കാരനായ ഉമര്‍ സിദ്ദീഖ് മതീന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫ്ളോറിഡയിലെ തന്നെ സെന്‍റ്ലൂയീസ് പോര്‍ട്ട് സ്വദേശിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ളയാളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, തദ്ദേശീയ ഗ്രൂപ്പുകളാണോ അന്താരാഷ്ട്ര ബന്ധമുള്ളവരാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം, അക്രമിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എഫ്.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളോ ഫ്ളോറിഡ സര്‍ക്കാറോ പുറത്തുവിട്ടിട്ടില്ല.
20 മൃതദേഹങ്ങളും ക്ളബിന് അകത്തുതന്നെയാണ് കണ്ടത്തെിയത്. എല്ലായിടത്തും മരിച്ചവരും പരിക്കേറ്റവരും ചിതറിക്കിടക്കുകയായിരുന്നെന്നും പൊലീസ് എത്തിയശേഷമാണ് ആശുപത്രിയിലത്തെിക്കാനായതെന്നും ക്ളബിനകത്തുണ്ടായിരുന്നവര്‍ പറഞ്ഞു.  

സംഭവം ഭീകരാക്രമണം തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് റിക് സ്കോട്ട് ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ആക്രമിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുമുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ നിലപാടിനെ ശരിവെച്ചു. ഇത് അമേരിക്കക്കെതിരായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.