‘സിറിയ മുഴുവന്‍ തിരിച്ചു പിടിക്കണമെന്ന ബശ്ശാറിന്‍െറ തീരുമാനം അപകടമെന്ന്'


മോസ്കോ: സിറിയ മുഴുവന്‍ തിരിച്ചുപിടിക്കണമെന്ന പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ തീരുമാനം അപകടമാണെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. സമാധാനശ്രമങ്ങളോട് അലംബാവം തുടരുന്നത് ഗുരുതരപ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും യു.എന്നിലെ റഷ്യന്‍ പ്രതിനിധി വെറ്റലി ചര്‍കിന്‍ റഷ്യന്‍ ന്യൂസ്പേപ്പറിനു നല്‍കിയ അഭിമുഖത്തിനിടെ വ്യക്തമാക്കി. സിറിയന്‍വിഷയത്തില്‍ രാഷ്ട്രീയപരമായും നയതന്ത്രപരമായും സൈനികപരമായും റഷ്യ ഇടപെടുന്നുണ്ട്. സമാധാനശ്രമങ്ങളില്‍ പങ്കാളിയാകാന്‍ ബശ്ശാറും മുന്നോട്ടുവരണമെന്നും ചര്‍കിന്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ ഇടപെടണമെന്ന് ബശ്ശാര്‍ ആഗ്രഹിക്കുന്നപക്ഷം അക്കാര്യത്തില്‍ നടപടി സ്വീകരിക്കും. അതേസമയം, വെടിനിര്‍ത്തലിന്‍െറ ആവശ്യമില്ളെന്നും വിജയം നേടുന്നതുവരെ പോരാട്ടം തുടരണമെന്നുമാണെങ്കില്‍ നിലവിലെ സ്ഥിതിവിശേഷം കൂടുതല്‍ പരിതാപകരമാകുകയും ചെയ്യും. മ്യൂണിക്കിലെ ഉന്നതതല സമ്മേളനത്തിലെ തീരുമാനങ്ങള്‍ അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് തുടക്കമാകുമെന്നും അതൊരു നല്ല സാഹചര്യമാണെന്നും ബശ്ശാര്‍ തിരിച്ചറിയണമെന്നും ചര്‍കിന്‍ സൂചിപ്പിച്ചു. വിമതരില്‍നിന്ന് രാജ്യം മുഴുവന്‍ തിരിച്ചുപിടിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ബശ്ശാര്‍ കഴിഞ്ഞയാഴ്ച എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.