പാരിസ്: നവംബറിലെ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ മറവില്‍ ഫ്രാന്‍സില്‍ മുസ്ലിംകള്‍ക്കെതിരെ അരങ്ങേറുന്നത് വ്യാപക ഭരണകൂടവേട്ടയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍.
ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ആംനെസ്റ്റി ഇന്‍റര്‍നാഷനലും ബുധനാഴ്ച പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് മുസ്ലിം ന്യൂനപക്ഷത്തിനുനേരെ കടുത്ത അതിക്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടുന്നത്. പൊലീസിനും തീവ്രവാദവിരുദ്ധ ഉദ്യോഗസ്ഥര്‍ക്കും അനിയന്ത്രിതമായ അധികാരമാണ് അടിയന്തരാവസ്ഥാനിയമം നല്‍കുന്നത്. വീടുകളിലും റസ്റ്റാറന്‍റുകളിലും പള്ളികളിലും അതിക്രമിച്ചുകടക്കുന്ന പൊലീസ് വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും മതചിഹ്നങ്ങളെ അവഹേളിക്കുകയും ചെയ്യുന്നതായി ഇരകള്‍ പറയുന്നു. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. സഞ്ചാരസ്വാതന്ത്ര്യത്തിന് വലിയതോതില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് ന്യൂനപക്ഷങ്ങളുടെ തൊഴിലിനെയും നിത്യജീവിതത്തെയും ബാധിച്ചു. 350 മുതല്‍ 400 ആളുകള്‍ വീട്ടുതടങ്കലിലാണ്. ഭരണകൂടസംവിധാനങ്ങളുടെ നടപടികള്‍ ന്യൂനപക്ഷങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തരാവസ്ഥാ നിയമപ്രകാരം തീവ്രവാദബന്ധം ആരോപിക്കപ്പെടുന്നവരുടെ പൗരത്വം വ്യാപകമായി റദ്ദാക്കുന്നു. അര്‍ദ്ധപൗരന്മാരോടെന്നപോലെ നീതീകരിക്കാനാവാത്ത വിവേചനങ്ങള്‍ക്കാണ് ഇവര്‍ ഇരകളാവുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 130 പേരുടെ ജീവന്‍പൊലിഞ്ഞ ഭീകരാക്രമണത്തിനു പിന്നാലെ നവംബര്‍ 14നാണ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് പൊലീസ് വ്യാപക റെയ്ഡുകള്‍ ആരംഭിച്ചത്. രാജ്യത്തെ 7.6 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷങ്ങളെയാണ് റെയ്ഡുകള്‍ പ്രധാനമായും ഉന്നംവെക്കുന്നത്. 3200 റെയ്ഡുകള്‍ നടത്തിയിട്ടും കാര്യമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  
അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ പാര്‍ലമെന്‍റിനോട് അനുമതിതേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.