ബെസാൻകോൻ (ഫ്രാൻസ്): സഹപ്രവർത്തകരെ അധിക്ഷേപിക്കാനും കൂടുതൽ നല്ല പദവി നേടാനുമായി 30 പേർക്ക് വിഷം കുത്തിവെക്കുകയും 12 പേരെ കൊല്ലുകയും ചെയ്ത ക്രൂരനായ ഫ്രഞ്ച് ഡോക്ടർക്ക് ജീവപര്യന്തം തടവ്. 53കാരനായ ഫ്രെഡറിക് പെച്ചിയർ എന്ന അനസ്തെറ്റിസ്റ്റിനെയാണ് ഫ്രഞ്ച് കോടതി ശിക്ഷിച്ചത്.
ബെസാൻകോൻ നഗരത്തിലെ രണ്ട് ക്ലിനിക്കുകളിൽ ഇയാൾ ജോലി ചെയ്യുന്നുണ്ട്. 2008 നും 2017നും ഇടയിൽ അസാധാരണ സാഹചര്യങ്ങളിൽ 30 പേർക്ക് ഹൃദയാഘാതം ഉണ്ടാവുകയും 12 പേർ മരിക്കുകയുംചെയ്ത സാഹചര്യത്തിലാണ് ഡോക്ടർക്കെതിരെ സംശയമുയർന്നത്.
ഇയാളുടെ ഏറ്റവും പ്രായം കുറഞ്ഞ ഇര നാല് വയസുള്ള കുട്ടിയായിരുന്നു. 2016 ൽ ഇയാളുടെ ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി രണ്ട് ഹൃദയാഘാതങ്ങളിൽ നിന്നാണ് രക്ഷപ്പെട്ടത്. 89 വയസായ വ്യക്തിയായിരുന്നു ഏറ്റവും പ്രായം കൂടിയ ഇര.
ഇയാൾക്ക് തടവുവിധിച്ച കോടതി ഇയാളെ ആജീവനാന്തം മെഡിക്കൽ പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്തു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇയാളുടെ വക്കീൽ പറഞ്ഞു. മുന്നു മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
അനിയന്ത്രിതമായ അളവിൽ പൊട്ടാസ്യം, അഡ്രിനാലിൻ, രക്തം കട്ടപിടിക്കുന്നതിന് തടസ്സമാകുന്ന പദാർത്ഥങ്ങൾ തുടങ്ങിയവ രോഗികൾക്ക് കുത്തിവെച്ച് അവരിൽ കാർഡിയാക് അറസ്റ്റ് സൃഷ്ടിക്കുക എന്ന ക്രൂര വിനോദമായിരുന്നു ഇയാൾ നടത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി.
കൂടെയുള്ള മറ്റ് ഡോക്ടർമാരെ അപകീർത്തിപ്പെടുത്താനായി പാവപ്പെട്ട രോഗികളെ ഇരയാക്കുകയായിരുന്നു ഇയാൾ. കൂടെയുള്ള ഡോക്ടർമാരെ മോശക്കാരായി തനിക്ക് കൂടുതൽ പദവി തട്ടിയെടുക്കാനായി ഇയാൾ ചെയ്ത ക്രൂരകൃത്യം 30 രോഗികളെയാണ് ദുരിതത്തിലാക്കിയത്. സാധാരണ അളവിൽ നിന്ന് 100 ഇരട്ടി സോഡിയമാണ് ഇയാൾ കുത്തിവെച്ചിരുന്നത്.
രാഗികൾ ഒന്നടങ്കം ഇയാൾക്കെതിരായ കോടതി വിധിയെ സ്വാഗതം ചെയ്തു. ‘ഇനി എനിക്ക് സമാധാനമായി ക്രിസ്മസ് ആഘോഷിക്കാം’-ഇയാൾ വഴി ഹൃദയാഘാതം വരികയും രോഗമുക്തിനേടുകയും ചെയ്ത ഒരു എഴുപതുകാരൻ പറയുന്നു.
സംശയാസ്പദമായ ഹൃദയാഘാതങ്ങളെത്തുടർന്ന് 2017 ലാണ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. പലർക്കും സംഭവിച്ച ശാരീരിക ബുദ്ധിമുട്ട് സഹഡോക്ടർമാരുടെ ചികിൽസാ പിഴവാണെന്ന് ഇയാൾ വാദിച്ചിരുന്നു. എന്നാൽ രോഗികളുടെ ശരീരത്തിൽ വിഷാംശം മറ്റാരോ കുത്തിവെച്ചിരുന്നതായി ഇയാൾ കോടതിയിൽ പറഞ്ഞു. എന്നാൽ ഇയാൾ വലിയ ഈഗോ ഉള്ള നല്ല ഡോക്ടറാണെന്ന് ഒരു സഹപ്രവർത്തകൻ കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.