സ്വന്തം രാജ്യത്തിനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനികാക്രമണ ഭീഷണിയെ പിന്തുണച്ച വെനിസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാന നോബൽ സമ്മാന ജേതാവുമായ മരിയ കൊറിന മച്ചാഡോക്ക് നൊബേൽ ഫൗണ്ടേഷൻ പുരസ്കാരം നൽകുന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് നിയമപരമായ പരാതി നൽകി. ഈ വർഷത്തെ സമാധാന സമ്മാന ജേതാവ് എന്ന നിലയിൽ നൊബേൽ ഫൗണ്ടേഷനിൽ നിന്ന് മച്ചാഡോക്ക് ലഭിക്കേണ്ട പത്തു ലക്ഷത്തിലേറെ യു.എസ് ഡോളർ ലഭിക്കുന്നത് തടയാനാണ് അസാൻജിന്റെ കേസെന്ന് ‘വിക്കിലീക്സ്’ എക്‌സിൽ പോസ്റ്റ് ചെയ്ത വാർത്താക്കുറിപ്പിൽ പറഞ്ഞു.
രാഷ്ട്രങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും, സൈന്യത്തിന്റെ എണ്ണം നിർത്തലാക്കുന്നതിനും കുറക്കുന്നതിനും, സമാധാന സമ്മേളനങ്ങൾ നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച് മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നൽകിയവർക്ക് മാത്രമേ ആൽഫ്രഡ് നോബലിന്റെ പേരിലുള്ള സമാധാന സമ്മാനം നൽകാവൂ എന്ന് അദ്ദേഹത്തിന്റെ വിൽപത്രത്തിൽ പറയുന്നതായി പരാതിയിൽ പറയുന്നു.
സി.ബി.എസ് ന്യൂസിന്റെ ‘ഫേസ് ദി നേഷൻ’ എന്ന പരിപാടിയിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ, സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കുകയും വെനിസ്വേലൻ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുകയും ചെയ്യുന്ന ട്രംപിന്റെ നയങ്ങളെ മച്ചാഡോ പ്രശംസിക്കുകയുണ്ടായി. സമാധാന സമ്മാന ജേതാവ് രാഷ്ട്രങ്ങൾ തമ്മിലുള്ള സാഹോദര്യം പ്രോത്സാഹിപ്പിക്കണമെന്ന നോബലിന്റെ പ്രഖ്യാപിത പ്രഖ്യാപനത്തിന് വിരുദ്ധമാണിത്.
‘ പ്രസിഡന്റ് ട്രംപിന്റെ തന്ത്രത്തെ ഞാൻ പൂർണമായും പിന്തുണക്കുന്നു. വെനസ്വേലൻ ജനത അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ഭരണകൂടത്തോടും വളരെ നന്ദിയുള്ളവരാണ്. കാരണം അദ്ദേഹം ഈ അർധഗോളത്തിലെ സ്വാതന്ത്ര്യത്തിന്റെ ഒരു ചാമ്പ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നായിരുന്നു മച്ചാഡോ സി.ബി.എസ് ന്യൂസിനോട് പറഞ്ഞത്.
വെനസ്വേലക്കെതിരായ ട്രംപിന്റെ പ്രചാരണത്തിൽ ഉപരോധങ്ങളും എണ്ണ ടാങ്കർ പിടിച്ചെടുക്കലും മാത്രമല്ല, മയക്കുമരുന്ന് കടത്ത് ആരോപിച്ച് കപ്പലുകൾക്ക് നേരെയുള്ള ബോംബാക്രമണ പരമ്പരയും ഉൾപ്പെടുന്നു. ട്രംപിന്റെ നിയമവിരുദ്ധ ബോട്ട് ആക്രമണത്തിനുള്ള ച്ചാഡോയുടെ പ്രശംസ നോബൽ ഫൗണ്ടേഷന്റെ തീരുമാനം മരവിപ്പിക്കാൻ പര്യാപ്തമാണെന്ന് അസാൻജ് തന്റെ പരാതിയിൽ അവകാശപ്പെടുന്നു.
‘ആൽഫ്രഡ് നോബലിന്റെ സമാധാനത്തിനുള്ള സംഭാവന യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെലവഴിക്കാൻ കഴിയില്ല’ എന്ന് അസാൻജ് പറയുന്നു. മച്ചാഡോ ട്രംപ് ഭരണകൂടത്തെ സ്വന്തം രാജ്യത്തിനെതിരെ അതിന്റെ തീവ്രത വർധിപ്പിക്കുന്ന പാത പിന്തുടരാൻ പ്രേരിപ്പിക്കുന്നത് തുടരുന്നു എന്നും അസാൻജ് കൂട്ടിച്ചേർത്തു.
മച്ചാഡോക്ക് നൽകുന്ന ഫണ്ടുകൾ അവരുടെ ജീവകാരുണ്യ ലക്ഷ്യങ്ങളിൽ നിന്ന് വഴിതിരിച്ചുവിട്ട് ആക്രമണം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവക്ക് സൗകര്യമൊരുക്കാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഇത് സംഭവിച്ചാൽ ‘റോം സ്റ്റാറ്റിയൂട്ടിലെ ആർട്ടിക്കിൾ’ 25(3)(സി) പ്രകാരമുള്ള സ്വീഡന്റെ ബാധ്യതകൾ ലംഘിക്കുമെന്ന് പരാതിയിൽ ആരോപിക്കുന്നു. യുദ്ധക്കുറ്റകൃത്യത്തിന് സഹായിക്കുകയോ, പ്രേരിപ്പിക്കുകയോ, അല്ലെങ്കിൽ മറ്റുവിധത്തിൽ സഹായിക്കുകയോ ചെയ്യുന്ന ഏതൊരാളും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കീഴിൽ പ്രോസിക്യൂഷന് വിധേയമാകുമെന്നും അത് പ്രസ്താവിക്കുന്നു.
ട്രംപ് സമീപ ദിവസങ്ങളിൽ വെനസ്വേലക്കെതിരെ തന്റെ ആക്രമണാത്മക നടപടികൾ ശക്തമാക്കിയിരുന്നു. തെക്കേ അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം വെനിസ്വേല പൂർണമായും സൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിൽ എഴുതി. ഇത് കൂടുതൽ വലുതായിത്തീരുമെന്നും അവർക്ക് ഉണ്ടാകുന്ന ആഘാതം അവർ മുമ്പ് കണ്ടിട്ടില്ലാത്തതുപോലെയായിരിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.