ധാക്ക: 2024ലെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയും ഇങ്ക്വിലാബ് മഞ്ച നേതാവുമായ ശരീഫ് ഉസ്മാൻ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം. തെരുവിലിറങ്ങിയ യുവാക്കൾ സംഘംചേർന്ന് മാധ്യമ സ്ഥാപനങ്ങൾക്കുൾപ്പെടെ തീയിട്ടു. ഈ മാസം 12നാണ് ധാക്കയിൽ പ്രചാരണ റാലിക്കിടെ ഉസ്മാൻ ഖാദിക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയ ഉസ്മാൻ ഖാദി വ്യാഴാഴ്ചയാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
ശൈഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് ബംഗ്ലാദേശിൽ കലാപം നടക്കുന്നത്. പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട സർക്കാർ, ഖാദിയെ കൊലപ്പെടുത്തിയവരെ കണ്ടെത്തി ശിക്ഷ നൽകുമെന്നും വ്യക്തമാക്കി. യുവാക്കളുടെ വലിയ പിന്തുണയുള്ള ഖാദി, ഫെബ്രുവരിയിൽ നിശ്ചയിച്ചിട്ടുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
പ്രക്ഷോഭകാരികൾ പ്രതോം അലോ, ഡെയ്‍ലി സ്റ്റാർ എന്നീ ബംഗ്ലാദേശി മാധ്യമങ്ങളുടെ ഓഫിസുകൾ അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു. ഈ പത്രങ്ങൾ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിട്ടില്ല. ഓൺലൈൻ എഡിഷനുകളെയും ആക്രമണം ബാധിച്ചിട്ടുണ്ട്. അർധ രാത്രിയോടെയുണ്ടായ ആക്രമണത്തിൽ തീയിട്ട ഡെയ്‍ലി സ്റ്റാർ ഓഫിസിൽനിന്ന് ഇരുപത്തിയഞ്ചിലേറെ മാധ്യമപ്രവർത്തകരെ അഗ്നിശമനസേന രക്ഷിച്ചു. ബംഗ്ലാദേശ് സ്ഥാപക പ്രസിഡന്‍റ് ശൈഖ് മുജീബുർ റഹ്മാന്‍റെ ധാക്കയിലുള്ള വീടിനു നേരെയും പ്രക്ഷോഭകാരികൾ ആക്രമണം നടത്തി.
ധാക്കയിലെ ഇന്ത്യൻ ഹൈകമീഷനു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുറമുഖ നഗരമായ ചിറ്റഗോങ്ങിലേക്കും പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉച്ചതിരിഞ്ഞു നടക്കുന്ന യോഗത്തിൽ ക്രമസമാധാനനില അവലോകനം ചെയ്യും. ഉസ്മാൻ ഖദിയുടെ മരണത്തിൽ അനുശോചിച്ച് ദേശീയ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.