വിയന: മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. 368ലേറെ പേര്‍ക്ക് പരിക്കേറ്റതായി നാഷനല്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ദുരന്തമേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി മാറ്റിയോ റെന്‍സി അറിയിച്ചു. ദുരന്തത്തില്‍ ഇറ്റലി തകര്‍ന്നടിഞ്ഞിരിക്കുന്നു. ഇന്നല്ളെങ്കില്‍ നാളെ അതുമല്ളെങ്കില്‍ മാസങ്ങള്‍ക്കകം രാജ്യം തിരിച്ചുവരുമെന്നത്  ഉറപ്പാണ്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ഇപ്പോള്‍ പ്രാര്‍ഥനയുടെ സമയമാണെന്നും മാറ്റിയോ റെന്‍സി പറഞ്ഞു.  അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍  പ്രത്യേകം പരിശീലനം സിദ്ധിച്ച നായകളുമായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടര്‍ന്നു.
നിരവധി അടിയന്തര സഹായ വിഭാഗവും  വോളന്‍റിയര്‍മാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.  തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഭൂചലനത്തില്‍ എണ്ണമറ്റ പുരാതന നഗരങ്ങളും മലയോര ഗ്രാമങ്ങളും നാമാവശേഷമായി. ദുരന്തത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര ഒമ്പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  ഇറ്റലിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട അമാട്രിസ് തകര്‍ന്നടിഞ്ഞതായി മേയര്‍ സെര്‍ജിയോ പിറോസി പറഞ്ഞു. ‘സുഹൃത്തുക്കളുള്‍പ്പെടെ 200ലേറെ പേര്‍ മരിച്ചതായി സംശയിക്കുന്നു. ഞങ്ങളുടെ ഹൃദയം മരവിച്ചിരിക്കയാണ്’ -അദ്ദേഹം തുടര്‍ന്നു. സാഹചര്യം ഇപ്പോഴും ഭീതിദമായി തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തകരിലൊരാളായ ലോറെന്‍സോ ബോട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി കുട്ടികളടക്കം 15 പേരെ രക്ഷപ്പെടുത്തി. ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഇപ്പോഴത്തെ വലിയ അദ്ഭുതമെന്നും ബോട്ടി കൂട്ടിച്ചേര്‍ത്തു.  

ഭൂചലനതില്‍ 2000യിരത്തിലേറെ പേര്‍ ഭവനരഹിതരായി. മലയോര ഗ്രാമമായ ലാക്വിലയില്‍ 2009ലുണ്ടായ ഭൂചലനത്തില്‍ 300 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. വിനോദസഞ്ചാരികളുടെ തിരക്കായിരുന്നതിനാല്‍  മധ്യഇറ്റലിയിലെ ഹോട്ടലിലും വിദേശികള്‍ക്കായുള്ള വാടകവീടുകളിലും എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായ വിവരമില്ല. അമാട്രിസിലെ റോമാ ഹോട്ടലില്‍ 70 പേരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഹോട്ടല്‍ ഭൂചലനത്തില്‍  തകര്‍ന്നു. 35 പേരുടെ മൃതദേഹങ്ങളാണ് കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ചത്. മറ്റുള്ളവര്‍ ദുരന്തം അതിജീവിച്ചെന്നാണ് റിപ്പോര്‍ട്ട്.
അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടെ നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെ കാതിലലച്ച ദീനരോദനം ഒരു ജീവന്‍ കൂടി സുരക്ഷിതമാക്കി. കല്ലുകളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരി. അവളുടെ കാല്‍ മാത്രമേ പുറത്തുണ്ടായിരുന്നുള്ളൂ. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടുമരവിച്ചവര്‍ക്ക് അസാധാരണമായ നിമിഷമായിരുന്നു അത്. ഒരു നിമിഷം പോലും പാഴാക്കാതെ അവളെ പുറത്തെടുത്തു.

 ഭൂചലനം അതിജീവിച്ചവരെ താല്‍കാലിക ടെന്‍റുകളില്‍ താമസിപ്പിച്ചിരിക്കയാണ്. തുടര്‍ ചലനങ്ങള്‍ ഭയന്ന് കൊടുംതണുപ്പില്‍ മടങ്ങാന്‍ വീടുകളില്ലാതെ കഴിയുകയാണിവര്‍. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നത്. അമാട്രിസ്, അക്യുമോലി,  അര്‍ക്വാത ദെല്‍ ട്രോന്‍തോ എന്നീ നഗരങ്ങളിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്.   ഇറ്റലിയിലെ ഭൂരിഭാഗം മേഖലയും ഭൂകമ്പ സാധ്യതാ രേഖയില്‍ കൂടിയാണ് കടന്നുപോകുന്നത്. ചെറുചലനങ്ങളും പ്രകമ്പനങ്ങളും നിത്യസംഭവമാണിവിടെ.30 ലക്ഷം ബ്രിട്ടീഷ് ജനത പ്രതിവര്‍ഷം ഇറ്റലിയിലത്തെുന്നുണ്ട്. ഭൂചലനം വിമാന സര്‍വിസുകളെ ബാധിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.