പാനമ രേഖകൾ: ഐസ് ലൻഡ് പ്രധാനമന്ത്രി രാജിവെച്ചു

റിക്ജാവിക്: ഐസ് ലൻഡ് പ്രധാനമന്ത്രി സിഗ്മണ്ടർ ഡേവിയോ ഗൺലോങ്സൺ രാജിവെച്ചു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പാനമ രേഖകളിൽ പേരു വന്നതിനെ തുടർന്നാണ് ഗൺലോങ്സൺ രാജിവെച്ചത്. രേഖകൾ വെളിപ്പെട്ടതിന് ശേഷമുണ്ടാകുന്ന ആദ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റമാണ് ഗൺലോങ്സൻെറ രാജി. കൃഷിമന്ത്രി സിഗുറോർ ഇൻഗി ജൊഹാൻസനാണ് ദേശീയ ചാനലിലൂടെ പ്രധാനമന്ത്രി രാജിവെച്ചതായി അറിയിച്ചത്. ജൊഹാൻസൻ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നാണ് അറിയുന്നത്.

മൊസാക് ഫൊൺസെക എന്ന നിയമസഹായ സ്ഥാപനത്തിൽ നിന്ന് ചോർത്തിയ രേഖയിൽ വിൻട്രിസ് എന്ന തട്ടിക്കൂട്ട് കമ്പനിയുടെ സഹഉടമയാണ് ഗൺലോങ്സൺ എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രേഖകൾ പ്രകാരം ഇദ്ദേഹത്തിൻെറ ഭാര്യയും കമ്പനിയുടെ ഉടമയാണ്.  ദശലക്ഷക്കണക്കിന് ഡോളർ വിലയുള്ള കുടുംബസ്വത്ത് നികുതി വെട്ടിച്ച് സൂക്ഷിച്ചു എന്നാണ് ഗൺലോങ്സനെതിരായ ആരോപണം.

പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധമാണ് ഐസ് ലൻഡിൽ നടക്കുന്നത്. തിങ്കളാഴ്ച പാർലമെൻറിന് മുമ്പിൽ പ്രതിഷേധ മാർച്ച് അരങ്ങേറി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം. ഗൺലോങ്സൻ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊൻസേകയിൽ നിന്ന് മാധ്യമപ്രവർത്തകരാണ് രേഖകൾ ചോർത്തിയത്. കള്ളപ്പണ നിക്ഷേപമുള്ളവരുടെ ലിസ്റ്റിൽ റഷ്യൻ പ്രസിഡൻറ് വ്ലാദ് മിർ പുടിൻെറ അടുത്ത സുഹൃത്തുക്കൾ, യുക്രയ്ൻ പ്രസിഡൻറ് പെട്രോ പോറൊഷെങ്കോ, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ഫുട്ബാൾ താരം ലിയോ മെസി തുടങ്ങി പ്രമുഖരുടെ പേരുകളുണ്ട്. ഇന്ത്യക്കാരായ 500 പേരുടെ പട്ടികയിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചനും മരുമകളും നടിയുമായ ഐശ്വര്യ റായിയും ഉൾപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.