സലാഹ് അബ്ദുസ്സലാം ബ്രസല്‍സില്‍; കനത്തസുരക്ഷ

ബ്രസല്‍സ്: പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപങ്കാളിയെന്ന് കരുതുന്ന സലാഹ് അബ്ദുസ്സലാം ബെല്‍ജിയത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തലസ്ഥാനമായ ബ്രസല്‍സില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. പാരിസ് ആക്രമണത്തിന് സമാനമായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം ആക്രമണം നടത്താന്‍ ഐ.എസ് നീക്കം നടത്തുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
സലാഹ് ചാവേറായി പൊട്ടിത്തെറിക്കാന്‍ തയാറായി സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചിട്ടുണ്ടെന്ന് ഇയാളുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. സായുധരായ തീവ്രവാദികള്‍ ബ്രസല്‍സില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പലയിടത്ത് ഒരേസമയം ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ വ്യക്തമാക്കി.
പാരിസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ഭീകരര്‍ ബ്രസല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചവരാണ്.
 ബ്രസല്‍സിലെ റസ്റ്റാറന്‍റുകളും കടകളും ബാറുകളും അടഞ്ഞുകിടക്കുകയാണ്. ആളുകള്‍ സംഘംചേരുന്നത് ഒഴിവാക്കാനും കൂടുതല്‍പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
നഗരത്തില്‍ സുരക്ഷാസേനയും നിലയുറപ്പിച്ചിട്ടുണ്ട്. അബ്ദുസ്സലാമിനെ തേടി പൊലീസ് തെരുവുകളില്‍ തിരച്ചില്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രസല്‍സില്‍നിന്ന് ഇയാള്‍ സിറിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടതായും സുഹൃത്തുക്കള്‍ വ്യക്തമാക്കി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.