പാരിസ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ അബു ഒൗദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം

പാരിസ്: പാരീസ് ഭീകരാക്രമണത്തിന്‍െറ മുഖ്യ ആസൂത്രകന്‍ അബ്ദുല്‍ഹമീദ് അബു ഒൗദ് കഴിഞ്ഞ ദിവസത്തെ പൊലീസ് റെയ്ഡില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാരിസ് പ്രോസിക്യൂട്ടര്‍ ഫ്രാങ്സ്വ മോളന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.ചര്‍മ പരിശോധനയിലൂടെയാണ് അബു ഒൗദിനെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ റെയ്ഡ് നടന്ന സെന്‍റ് ഡെനിസിലെ അപാര്‍ട്മെന്‍റിലാണ് ഇയാളുടെ മൃതദേഹം കണ്ടത്തെിയത്. ചോര്‍ത്തിയ ഫോണ്‍ കോളുകളില്‍നിന്നും മറ്റ് രഹസ്യ വിവരങ്ങളില്‍നിന്നുമാണ് അബു ഒൗദ് അപാര്‍ട്മെന്‍റിലുള്ളതായി സ്ഥിീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാരിസിലെ വ്യാപാരകേന്ദ്രമായ ലാ ഡിഫന്‍സ് ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്ന സംഘം റെയ്ഡില്‍ പിടിയിലായിരുന്നു. റെയ്ഡില്‍ എട്ടുപേരാണ് അറസ്റ്റിലായത്. വനിതാ ചാവേറുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

അബു ഒൗദിന്‍െറ ബന്ധു ഹസ്ന അയ്ത്ബൗലാഷെനാണ് കൊല്ലപ്പെട്ട വനിതയെന്നാണ് റിപ്പോര്‍ട്ട്. അവര്‍ മരിക്കുന്നതിനുമുമ്പ് പൊലീസുമായി നടത്തിയ സംഭാഷണം റെക്കോഡ് ചെയ്തിട്ടണ്ട്. നിങ്ങളുടെ കൂട്ടുകാരന്‍ എവിടെയാണ് എന്ന ചോദ്യത്തിന് അവന്‍ എന്‍െറ കൂട്ടുകാരനല്ല എന്നവര്‍ മറുപടി നല്‍കുന്നുണ്ട്. അതേസമയം, ഫ്രാന്‍സിനുനേരെ രാസായുധ ആക്രമണം ഉണ്ടാകാമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് മുന്നറിയിപ്പ് നല്‍കി. ഫ്രഞ്ച് പാര്‍ലമെന്‍റില്‍ രാജ്യത്തെ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് നീട്ടുന്നതിനുള്ള വോട്ടെടുപ്പിനുമുമ്പായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു മാര്‍ഗവും തള്ളിക്കളയാനാകില്ല. രാസ, ജൈവ ആയുധപ്രയോഗത്തിനും സാധ്യതയുണ്ട്. തീവ്രവാദം നടപ്പാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുകയാണ്. തോക്ക്, ബോംബേറ്, തലയറുക്കല്‍, കത്തി എന്നിങ്ങനെ തന്ത്രങ്ങള്‍ പലതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യോമയാത്രികരെക്കുറിച്ച വിവരങ്ങള്‍ പങ്കുവെക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ ആക്രമണങ്ങള്‍ യൂറോപ്പില്‍ എവിടെയുമാകാമെന്ന് യൂറോപ്യന്‍ യൂനിയന്‍െറ അന്വേഷണ ഏജന്‍സി യൂറോപോള്‍ തലവന്‍ റോബ് വെയ്ന്‍റൈറ്റ് സൂചന നല്‍കി.

അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് നീട്ടുന്നതിനുള്ള വോട്ടെടുപ്പിനുമുമ്പായി ഫ്രഞ്ച് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് സംസാരിക്കുന്നു
 


പാരിസ് ആക്രമണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ അടിയന്തരയോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കു കൂടി നീട്ടാന്‍ പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ എം.പിമാരുടെ പിന്തുണ ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, ബെല്‍ജിയന്‍ പൊലീസ് ബ്രസല്‍സിലും സമീപവും തിരച്ചില്‍ തുടരുകയാണ്. പാരിസ് ആക്രമണത്തിലെ മുഖ്യകണ്ണികളായ ബിലാല്‍ ഹദ്ഫി, സലാഹ് അബ്ദുസ്സലാം  എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്.
 

അബ്ദുല്‍ഹമീദ് അബു ഒൗദ്
27 വയസ്സ് പിന്നിട്ട അബൂ ഒൗദ് ജനിച്ചത് ബെല്‍ജിയത്തിലാണ്. വളര്‍ന്നത് തലസ്ഥാന നഗരിയായ ബ്രസല്‍സിലെ പ്രാന്തപ്രദേശമായ മൊളെന്‍ബീകിലും. ഭീകരാക്രമണത്തിെന്‍റ സൂത്രധാരന്മാര്‍ ഇവിടെനിന്നുള്ളവരാണെന്നറിഞ്ഞ് പൊലീസ് തിരച്ചിലുകളുടെ പരമ്പരതന്നെ ഇവിടെ നടത്തിയിരുന്നു. മൊളന്‍ബീകിലെ എക്സ്ക്ളൂസിവ് കാത്തലിക് സ്കൂളിലായിരുന്നു അബൂ ഒൗദിെന്‍റ പ്രാഥമിക പഠനം. സ്കൂളില്‍നിന്ന് പുറത്താക്കിയതിനു ശേഷമാണ് ഒൗദ് മയക്കുമരുന്നിന്‍െറയും പിടിച്ചുപറിയുടെയും ലോകത്തത്തെിയത്. ഇസ്ലാമിക മൂല്യങ്ങളെക്കാള്‍ ഇത്തരം കുറ്റകൃത്യങ്ങളോടായിരുന്നു അബൂ ഒൗദിന് കുട്ടിക്കാലം മുതല്‍ താല്‍പര്യമെന്ന് കുടുംബം പറയുന്നു. 2014ല്‍ 13 വയസ്സുള്ള സഹോദരന്‍ യൂനുസിനെയും കൊണ്ട് സിറിയയിലേക്ക് പോയ വാര്‍ത്ത നടുക്കത്തോടെയാണ് കുടുംബമറിഞ്ഞത്.

ഐ.എസ് തന്നെയായിരുന്നു അബൂ ഒൗദിന്‍െറയും ലക്ഷ്യം. സഹോദരനെ കൂടാതെ നൂറുകണക്കിന് ചെറുപ്പക്കാരെ ഐ.എസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. മതവിശ്വാസത്തെക്കാള്‍ കണക്കില്ലാത്ത അക്രമവും അധികാരത്തോടുള്ള ആര്‍ത്തിയുമായിരുന്നു അബൂ ഒൗദിനെ ഐ.എസിലേക്ക് ആകര്‍ഷിച്ചത്. തന്‍െറ സഹോദരങ്ങള്‍ ഒരിക്കല്‍പോലും പള്ളിയില്‍ പോകുന്നത് കണ്ടിട്ടില്ളെന്ന് സഹോദരി യാസ്മിന ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു.

സിറിയയില്‍ ഐ.എസ് പരിശീലനം കഴിഞ്ഞപ്പോള്‍ എല്ലാം തികഞ്ഞൊരു തീവ്രവാദിയായി മാറിക്കഴിഞ്ഞിരുന്നു അബൂ ഒൗദ്. അവിടെ നിന്ന് ആതന്‍സ് വഴി യൂറോപ്പിലത്തെി. അബൂ ഒൗദിനെ തിരിച്ചറിഞ്ഞ യൂറോപ്യന്‍ സുരക്ഷാസേന തടഞ്ഞുവെച്ച് ചോദ്യംചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു. പിന്നീട് പൊലീസിന്‍െറ കണ്ണുവെട്ടിച്ച് അയാള്‍ അപ്രത്യക്ഷമായി. ഈ വര്‍ഷം ഫെബ്രുവരിയില്‍ അബൂ ഒൗദ് ഐ.എസിന്‍െറ ഇംഗ്ളീഷ് വാരിക ദബീഖിന് അഭിമുഖം നല്‍കിയിരുന്നു. ബെല്‍ജിയത്തിലേക്ക് പോയെന്നും മുസ്ലിംകള്‍ക്കെതിരെ യുദ്ധംചെയ്യുന്നവരെ വകവരുത്താന്‍  ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ വഴി തന്‍െറ ഫോട്ടോ പുറത്തായിട്ടും തടഞ്ഞുനിര്‍ത്തിയ പൊലീസുകാരന് തന്നെ തിരിച്ചറിയാനായില്ളെന്നും അബൂ ഒൗദ് അവകാശപ്പെട്ടിരുന്നു. ഇന്‍റലിജന്‍സ് സംഘങ്ങളെ വെട്ടിച്ച് സിറിയയിലേക്ക് തിരിച്ചുവന്നതും സുരക്ഷിതമായാണ്. പാരിസില്‍ മുമ്പുനടന്ന ആക്രമണങ്ങളിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സംശയമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.