'ഭാര്യ മുഖത്തടിച്ചതല്ല, അത് സ്നേഹപ്രകടനം മാത്രം'; വൈറൽ വിഡിയോയിൽ വിശദീകരണവുമായി ഫ്രഞ്ച് പ്രസിഡന്‍റ്

സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും ഒരുമിച്ചുള്ള വിഡിയോ. വിയറ്റ്നാം സന്ദർശനത്തിനിടെ വിമാനത്തിൽവെച്ചായിരുന്നു സംഭവം. മാക്രോണിന്‍റെ മുഖത്ത് ഭാര്യ ബ്രിജിറ്റ് അടിക്കുന്നത് പോലെ തോന്നിക്കുന്ന വിഡിയോയാണ് പുറത്തുവന്നിരുന്നത്.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് മാക്രോൺ വിമാനമിറങ്ങിയത്. പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പായി ഫ്രഞ്ച് എയർഫോഴ്‌സ് വണിന്റെ ഡോർ തുറന്നതിന് പിന്നാലെ മാക്രോണിന്റെ മുഖത്തേക്ക് രണ്ട് കൈകൾ വരുന്നതിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിയുകയായിരുന്നു. ഭാര്യ മാക്രോണിന്‍റെ മുഖത്തടിച്ചതായാണ് പ്രചരിപ്പിക്കപ്പെട്ടത്.

വൈറൽ ദൃശ്യങ്ങളിൽ വിശദീകരണവുമായി ഇമ്മാനുവല്‍ മാക്രോണും പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരവും എത്തിയിരിക്കുകയാണ്. വിമാനത്തിൽ നടന്നത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും തമ്മിലുള്ള സ്‌നേഹപ്രകടനമായിരുന്നെന്നും തർക്കമായിരുന്നില്ലെന്നുമാണ് എലിസീ കൊട്ടാരം നൽകിയ വിശദീകരണം. 

വിഡിയോയിലെ ദൃശ്യങ്ങൾ വ്യാജമല്ലെന്നും എന്നാൽ അത് പ്രചരിക്കുന്നത് പോലെയല്ലെന്നും മാക്രോൺ വിശദീകരിക്കുന്നു. സ്നേഹപ്രകടനത്തെ മറ്റ് രീതിയിൽ പ്രചരിപ്പിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. ചിലയാളുകൾ വിഡിയോയുടെ പുറത്ത് വൻ തിയറികൾ നിർമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിഡിയോക്ക് പിന്നാലെ വ്യാപക ട്രോളുകളും പ്രചരിക്കുകയാണ്. 

Tags:    
News Summary - Emmanuel Macron breaks silence over bizarre clip of wife Brigitte slapping him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.