മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ഒരുക്കിയ 'മിസ് പ്ലെയ്സ്ഡ് ബാഗേജ് ഡെസ്ക്' ഓഫിസ് കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നു
മക്ക: ഹാജിമാരുടെ ലഗേജുകൾ ക്രമീകരിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലഗേജ് മിസ്സിങ് ഡെസ്ക് തന്നെ ഇതിനായി ഒരുക്കി. അസീസിയിലെ ബിൽഡിങ് നമ്പർ 129 ല് ഇതിനായി പ്രത്യേകം ഓഫിസ് പ്രവർത്തിച്ചു വരുന്നു. നഷ്ടപ്പെട്ട ബാഗേജുകൾ കണ്ടെത്തുന്നതിന് പ്രത്യേകം വളന്റിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതു കൂടാതെ 'മിസ് പ്ലെയ്സ്ഡ് ബാഗേജ് ഡെസ്ക്' ഓഫിസിനു കീഴിൽ പകൽ സമയത്ത് 16ഉം രാത്രി 12ഉം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. നാട്ടിൽ നിന്ന് ഹജ്ജിനു പുറപ്പെടുന്ന തീർഥാടകർക്ക് മുൻവർഷങ്ങളിൽ ലഗേജുകൾ ഒരുക്കാനുള്ള ബാഗുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകിയിരുന്നു.
ഈ വർഷം സ്വന്തം ബാഗുകളിലാണ് ഹാജിമാർ സാധനങ്ങൾ കൊണ്ടുവരുന്നത്. പേര്, കവർ നമ്പർ, താമസിക്കുന്ന കെട്ടിട നമ്പർ, റൂം നമ്പർ മുതലായ തീർഥാടകരുടെ വിശദവിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ ഹജ്ജ് കമ്മിറ്റി നൽകുന്നുണ്ട്. ഇതു ബാഗുകളിൽ പതിപ്പിച്ചിട്ടുണ്ടാവും. ഇതോടെ നഷ്ടപ്പെടുന്ന ബാഗുകൾ കൃത്യമായി നഷ്ടപ്പെട്ടവർക്ക് എത്തിച്ചു നൽകാൻ കഴിയും. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് എത്തുന്ന ഹാജിമാരുടെയും ജിദ്ദ വഴി മക്കയിലേക്കെത്തുന്ന ഹാജിമാരുടെയും ഹാൻഡ് ബാഗ് ഒഴിച്ചുള്ള അധികം വരുന്ന ലഗേജുകൾ പ്രത്യേകം ലോറികൾ വഴിയാണ് ഇവരുടെ താമസസ്ഥലത്തേക്ക് എത്തിക്കുന്നത്.
ഇന്ത്യൻ ഹാജിമാരുടെ ലഗേജുകൾ അവരുടെ താമസസ്ഥലത്തേക്ക് എത്തിക്കാനായി വാഹനത്തിൽ കയറ്റുന്നു.
അതിനാൽ തന്നെ അതത് കെട്ടിടങ്ങളിൽ ഹാജിമാർ എത്തുന്നതിന് മുമ്പ് തന്നെ അവരുടെ ലഗേജുകൾ കെട്ടിടങ്ങളിൽ എത്തുന്നുണ്ട്. മുൻവർഷങ്ങളിൽ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി നേരിട്ടാണ് ലഗേജുകൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ ഹജ്ജ് സർവിസ് കമ്പനികൾക്ക് കീഴിൽ പ്രത്യേക കമ്പനിക്കാണ് ഇവയുടെ ചുമതല. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരുടെയും 2.8 ലക്ഷം ബാഗുകളാണ് ഇവർ കൈകാര്യം ചെയ്യുന്നത്.
ഹാജിമാരിൽ ചിലരുടെ ബാഗേജുകൾ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടെങ്കിലും ബാഗുകൾ ഉടൻ അവർക്ക് ലഭ്യമാക്കാൻ കഴിയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എങ്കിലും അത്യാവശ്യ സാധനങ്ങൾ ഹാൻഡ് ബാഗേജിൽ കരുതുന്നതാണ് നല്ലതെന്ന് സന്നദ്ധപ്രവർത്തകർ ഹാജിമാർക്ക് നിർദേശം നൽകുന്നുണ്ട്.കഴിഞ്ഞ ദിവസം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ഒരുക്കിയ 'മിസ് പ്ലെയ്സ്ഡ് ബാഗേജ് ഡെസ്ക്' ഓഫിസ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.ലഗേജുകൾ നഷ്ടപ്പെടുന്നവർക്ക് 24 മണിക്കൂറും സേവനം ലഭിക്കുന്ന 80024 77786 എന്ന ടോൾ ഫ്രീ നമ്പറിലും 0557014252 എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.