കാനഡയിൽ രഥയാത്രക്കു നേരെ ചീമുട്ടയേറ്; ദൃശ്യം പുറത്തുവന്നത് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ

ടൊറന്റോ: ടൊറന്റോയിലെ രഥയാത്ര ഘോഷയാത്രക്കുനേരെ അജ്ഞാതരായ ആളുകൾ മുട്ടയെറിഞ്ഞതായും ഇതെത്തുടർന്ന് സംഘർഷം ഉണ്ടായെന്നും റിപ്പോർട്ട്. സംഭവം വംശീയതയുടെയും വിദ്വേഷത്തിന്റെയും ആരോപണങ്ങൾക്ക് കാരണമായി. ടൊറന്റോയിലെ തെരുവുകളിൽ ഭക്തർ ഭക്തിഗാനങ്ങൾ ആലപിച്ച് നീങ്ങുന്നതായി കാണിക്കുന്ന വിഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അപ്‌ലോഡ് ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ അവർക്കുനേരെ മുട്ട എറിഞ്ഞതായി വിഡിയോയിൽ കാണിച്ചു.

‘അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ ഞങ്ങൾക്ക് നേരെ മുട്ട എറിഞ്ഞു. എന്തുകൊണ്ട്? വിശ്വാസം മൂലം ശബ്ദമുണ്ടാകുന്നതാണോ? എന്തുതന്നെ ആയാലും ഞങ്ങൾ നിർത്തിയില്ല. കാരണം ഭഗവാൻ ജഗന്നാഥൻ തെരുവിലായിരിക്കുമ്പോൾ, ഒരു വിദ്വേഷത്തിനും നമ്മെ കുലുക്കാൻ കഴിയില്ല’ -ഇൻസ്റ്റാഗ്രാം ഉപയോക്താവ് സാങ്‌ന ബജാജ് പറഞ്ഞു. ‘ഞങ്ങൾ സ്തബ്ധരായി. വേദനിച്ചു. പക്ഷേ ഞങ്ങൾ നിർത്തിയില്ല. കാരണം വിദ്വേഷത്തിന് ഒരിക്കലും വിശ്വാസത്തെ കീഴടക്കാൻ കഴിയില്ല- വിഡിയോയ​ുടെ ഉടമയായ യുവതി പറഞ്ഞു. 

ഒഡിഷ മുൻ മുഖ്യമന്ത്രിയും ബി.ജെ.ഡി മേധാവിയുമായ നവീൻ പട്നായിക് സംഭവത്തിന്റെ ചിത്രങ്ങൾ ‘എക്‌സി’ൽ പങ്കുവെക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കുകയും ചെയ്തു.

‘കാനഡയിലെ ടൊറന്റോയിൽ നടന്ന രഥയാത്രാ ആഘോഷത്തിനിടെ ഭക്തർക്ക് നേരെ മുട്ടകൾ എറിയപ്പെട്ടതായി അറിഞ്ഞതിൽ അതിയായ അസ്വസ്ഥത തോന്നുന്നു. ഇത്തരം സംഭവങ്ങൾ ലോകമെമ്പാടുമുള്ള ഭഗവാൻ ജഗന്നാഥന്റെ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല ഈ ഉത്സവത്തിന് ആഴത്തിലുള്ള വൈകാരികവും സാംസ്കാരികവുമായ പ്രാധാന്യമുള്ള ഒഡിഷയിലെ ജനങ്ങളെ  വേദനിപ്പിക്കുന്നു’വെന്നും അദ്ദേഹം ‘എക്‌സി’ൽ എഴുതി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിഷയം ഗൗരവമായി കാണണമെന്നും പട്നായിക് ആവശ്യപ്പെട്ടു.


Tags:    
News Summary - Eggs thrown at Rath Yatra in Canada, devotee says no hate can shake us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.