പാലം തകരുന്നതിന്‍റെ ദൃശ്യത്തിൽനിന്ന്

തുറന്നത് രണ്ടു മാസം മുമ്പ്; 758 മീറ്റർ നീളമുള്ള പടുകൂറ്റൻ പാലം നദിയിലേക്ക് തകർന്നുവീണു -VIDEO

ബീജിങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ അടുത്തിടെ ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത കൂറ്റൻ പാലം തകർന്നുവീണു. മധ്യചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഭാഗമായ ഹോങ്ഖി പാലമാണ് നദിയിലേക്ക് പതിച്ചത്. 758 മീറ്റർ നീളമുള്ള പാലം തകരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കോൺക്രീറ്റ് പാളികൾ നദിയിലേക്ക് വീഴുന്നതും പൊടിപടലങ്ങൾ പടരുന്നതും ദൃശ്യങ്ങളിലുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

നേരത്തെ പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് അടച്ചു പൂട്ടിയിരുന്നു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക അധികൃതർ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. കുത്തനെയുള്ള പർവതമേഖലയിലാണ് പാലം നിർമിച്ചത്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്നാണ് സൂചന. പാലത്തിന്റെ ഡിസൈനോ നിർമാണത്തിലെ അപാകതകളോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നറിയാൻ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലം അടക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്തത്. ചൊവ്വാഴ്ച പ്രാദേശിക സമയം മൂന്നുമണിയോടെ പാലം തകർന്നതായി സിചുവാൻ ഡെയ്‌ലിയുടെ റിപ്പോർട്ടിൽ പറയുന്നു. ഷുവാങ്ജിയാങ്കു ജലവൈദ്യുത നിലയത്തിനും അണക്കെട്ടിനും സമീപമാണ് പാലം സ്ഥിതി ചെയ്യുന്നത്. 172 മീറ്റർ ഉയരമുള്ള കൂറ്റൻ തൂണുകളിലാണ് പാലം നിർമിച്ചിട്ടുള്ളത്. ഈ വർഷം ആദ്യമാണ് നിർമാണം പൂർത്തിയായത്. സെപ്റ്റംബറിൽ ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തു. 

Tags:    
News Summary - Dramatic Video Shows Moment China's Newly Constructed Hongqi Bridge Collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.