യു.എസ്-ഇറാൻ ചർച്ചയിൽ പലകുറി നാടകീയ രംഗങ്ങൾ; അന്തിമ കരാർ 60 ദിവസത്തിനകം

ബുർഗൻസ്റ്റോക്ക് (സ്വിറ്റ്സർലൻഡ്): തുടക്കത്തിൽ കടുത്ത വാക്‌പോരും നയതന്ത്ര സംഘർഷവും ഉണ്ടായെങ്കിലും യു.എസ്- ഇറാൻ ഉന്നതതല ചർച്ചയുടെ ഒന്നാം ഘട്ടത്തിന് പ്രതീക്ഷാപൂർവമായ പരിസമാപ്തി. സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ നടന്ന 18 മണിക്കൂർ ചർച്ചക്കിടെ, പലകുറി നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ചുവെങ്കിലും 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലേക്കെത്താൻ ഇരുപക്ഷവും ധാരണയായി.

ഒന്നാം ഘട്ട ചർച്ച പ്രതീക്ഷാജനകമായ പുരോഗതിയോടെയാണ് അവസാനിച്ചതെന്ന് ഇറാൻ അറിയിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താനും ഖത്തറും ഇരുരാജ്യങ്ങളും 60 ദിവസത്തിനകം അന്തിമ ധാരണയിലെത്താനുള്ള റോഡ്‌മാപ്പിൽ യോജിച്ചതായും വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചർച്ച കഴിഞ്ഞ് സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി. അതേസമയം, ഇരുപക്ഷത്തിന്റെയും സാങ്കേതിക സംഘം സ്വിറ്റ്സർലൻഡിൽതന്നെ തുടരും.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ‘വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു’ എന്ന് പ്രതികരിച്ചപ്പോൾ അന്തിമ കരാറിന് മികച്ച അടിത്തറ പാകാൻ ചർച്ചയിലൂടെ സാധിച്ചുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉപരോധ ഇളവുകൾ, മേഖലയിലെ സംഘർഷങ്ങൾ കുറക്കൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. സാങ്കേതികതല ചർച്ചകൾ ആഴ്ച മുഴുവൻ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഹുർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കുറക്കുന്നതിനായി നേരിട്ടുള്ള ആശയവിനിമയ സംവിധാനം രൂപവത്കരിക്കാനും ലബനാനിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക ‘ഡി-കോൺഫ്ലിക്ഷൻ സെൽ’ സ്ഥാപിക്കാനും ഇരുപക്ഷവും തത്ത്വത്തിൽ ധാരണയിലെത്തി. വ്യാപാരക്കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക എന്നതും ചർച്ചകളിലെ പ്രധാന വിഷയമായിരുന്നു. ലബനാൻ വിഷയത്തിലും ധാരണയായതായി ജെ.ഡി. വാൻസ് പറഞ്ഞു. എന്നാൽ, ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയാറായില്ല. അതേസമയം, നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആണവ വിഷയത്തിൽ അന്താരാഷ്ട്ര ഏജൻസിയുടെ നിരീക്ഷണത്തിന് ഇറാൻ സമ്മതിച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിപരമായ പ്രസ്താവനകൾ ചർച്ചകളെ താൽക്കാലികമായി ബാധിച്ചു. ലബനാനിൽ ഇറാൻ പിന്തുണയുള്ള വിഭാഗങ്ങൾ ആക്രമണം തുടരുകയാണെങ്കിൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇറാൻ പ്രതിനിധികൾ ഒരു ഘട്ടത്തിൽ ചർച്ചകളിൽ നിന്ന് പിന്മാറിയെങ്കിലും പിന്നീട് മധ്യസ്ഥരുടെ ഇടപെടലിൽ വീണ്ടും ചർച്ചാമേശയിലേക്ക് മടങ്ങി.

ചർച്ചകളുടെ ഭാഗമായി ഇറാനിയൻ എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ചില ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് നൽകുന്നതും ഖത്തറിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക ആസ്തികളുടെ ഒരു ഭാഗം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും അമേരിക്ക മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിലൂടെ ഇറാന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഖത്തർ, ഫ്രാൻസ്, പാകിസ്താൻ നേതാക്കൾ പങ്കെടുത്തു. ലബനാനിൽ തുടരുന്ന ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷവും ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രധാന വെല്ലുവിളികളായി തുടരുന്നു. ഈ വിഷയങ്ങളിൽ പുരോഗതി കൈവരിക്കാനാകുമോയെന്നത് വരും ദിവസങ്ങളിലെ ചർച്ചകൾ നിർണയിക്കും.

Tags:    
News Summary - Dramatic turns in US-Iran talks; final deal within 60 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.