അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വർദ്ധിച്ചുവരുന്ന ശരീരഭാരം അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വലിയൊരു വെല്ലുവിളിയായി മാറുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ട്രംപിന്റെ ഭാരം 23 പൗണ്ടോളം വർദ്ധിച്ചതായാണ് വാഷിംങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഈ അനാരോഗ്യകരമായ ഭാരവർദ്ധനവ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് കടുത്ത അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് പ്രമുഖ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം മെയ് മാസത്തിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ ഡോണാൾഡ് ട്രംപിന്റെ ഭാരം ഏകദേശം 238 പൗണ്ട് ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 14 പൗണ്ടും 2023-ൽ രേഖപ്പെടുത്തിയ 215 പൗണ്ടിൽ നിന്ന് 23 പൗണ്ടും കൂടുതലാണ്. ഫാസ്റ്റ് ഫുഡുകളും അനാരോഗ്യകരമായ ഭക്ഷണങ്ങളും ഡയറ്റ് കോക്കും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ട്രംപ്. നാഷണൽ സെന്റർ ഫോർ വെയ്റ്റ് ആൻഡ് വെൽനസ് ഡയറക്ടർ ഡോ. സ്കോട്ട് കാഹാൻ പറയുന്നതനുസരിച്ച് അമിതവണ്ണം അകാലത്തിലുള്ള അവശതക്കും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഹൃദയാഘാതത്തിനും മരണത്തിന് പോലും കാരണമാകുന്ന ശക്തമായ ഒരു ഘടകമാണ്.
വിദഗ്ദ്ധ വിഭാഗത്തിലെ മുൻ ഡോക്ടറും നിലവിലുള്ള ഇന്റേണിസ്റ്റുമായ ഡോ. സ്റ്റുവാർട്ട് ഫിഷർ അഭിപ്രായപ്പെട്ടത് ആരെങ്കിലും ട്രംപുമായി ഗൗരവമായി സംസാരിച്ച് അദ്ദേഹം വലിയൊരു അപകടത്തോടാണ് കളിക്കുന്നതെന്ന് ബോധ്യപ്പെടുത്തണമെന്നാണ്. ഡോക്ടർമാർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രസിഡന്റിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളെ വൈറ്റ് ഹൗസ് ഔദ്യോഗികമായി തള്ളി. ട്രംപിന്റെ അസാധാരണമായ ഊർജ്ജവും കഠിനാധ്വാനവും ചരിത്രപ്രസിദ്ധമാണെന്നും മുൻ ഭരണകൂടത്തിന്റെ കാലത്തുണ്ടായ ഗുരുതരമായ ആരോഗ്യ-മാനസിക തകർച്ചകളെ മറച്ചുവെക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗ്ല വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറും ട്രംപിന്റെ മോശം ഭക്ഷണരീതികളെക്കുറിച്ച് നേരത്തെ തമാശരൂപേണ പരാമർശിച്ചിരുന്നു.
തന്റെ ശരീരഭാരത്തെക്കുറിച്ചുള്ള ചർച്ചകളെ ട്രംപ് വലിയ ഗൗരവത്തിൽ എടുക്കാറില്ലെങ്കിലും ഇടക്ക് തമാശയായി അത് പ്രതിപാദിക്കാറുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് വില്യം ഹോവാർഡ് ടാഫ്റ്റുമായി തന്റെ ഭാരത്തെ അദ്ദേഹം തമാശയായി താരതമ്യം ചെയ്യാറുണ്ട്. താൻ അമേരിക്കയുടെ ഏറ്റവും ഭാരമേറിയ പ്രസിഡന്റായിരുന്ന ടാഫ്റ്റിന്റെ റെക്കോർഡ് മറികടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണമെന്നും ട്രംപ് തമാശരൂപേണ പറയുകയുണ്ടായി.
ഒന്നാം ടേമിന്റെ അവസാന കാലത്ത് അദ്ദേഹത്തിന്റെ ഭാരം 243 പൗണ്ട് വരെ എത്തിയിരുന്നുവെങ്കിലും വൈറ്റ് ഹൗസ് വിട്ടതിനുശേഷം ശരീരഭാരം കുറക്കാൻ അദ്ദേഹം ചില ശ്രമങ്ങൾ നടത്തിയിരുന്നു. എങ്കിലും നിലവിലെ ഭാരവർദ്ധനവ് രാഷ്ട്രീയ കേന്ദ്രങ്ങളിലും ആരോഗ്യ വിദഗ്ദ്ധർക്കിടയിലും വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.