പ്രതീകാത്മക ചിത്രം
വെല്ലിങ്ടൺ: കുട്ടികളെ സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗത്തിൽ നിന്ന് പുറത്തെത്തിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കർശന നടപടികളിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്.
ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ബിൽ കൊണ്ടുവന്നിരിക്കുന്നത്. ആസ്ട്രേലിയ കഴിഞ്ഞ ഡിസംബറിൽ സമാനമായ നിയമം നടപ്പിലാക്കിയിരുന്നു. പിന്നാലെയാണ് യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പാത പിന്തുടർന്ന് ന്യൂസിലൻഡും ഇപ്പോൾ ഈ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം, പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് 16 വയസ്സ് തികഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും. ഇതിനായി മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ, ഡിജിറ്റൽ ഐഡി സേവനങ്ങൾ, ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ എന്നിവ ഉപയോഗിച്ച് പ്രായം പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഈ കമ്പനികൾ ഒരുക്കേണ്ടതുണ്ട്. നിയമം പാലിക്കാൻ മെറ്റ പോലുള്ള വമ്പൻ കമ്പനികൾ തയാറായില്ലെങ്കിൽ, അവരുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴയായി ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം.
തങ്ങളുടെ രാജ്യത്തെ ഒരു തലമുറയാകെ ഇത്തരം ഓൺലൈൻ അപകടങ്ങളിൽ പെട്ട് നശിക്കുന്നത് നോക്കിനിൽക്കാനാകില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി. 13നും 17നും ഇടയിൽ പ്രായമുള്ള മൂന്നിൽ ഒരാൾ വീതം ദിവസവും കുറഞ്ഞത് അഞ്ച് മണിക്കൂറിലധികം സമയമാണ് സമൂഹമാധ്യമങ്ങളിൽ ചിലവഴിക്കുന്നത്.
ഈ അഡിക്റ്റീവ് സാങ്കേതികവിദ്യ കുട്ടികളെ മാനസികമായി തളർത്തുന്നതിനൊപ്പം അവരുടെ ഉറക്കം, വിദ്യാഭ്യാസം, കുടുംബജീവിതം എന്നിവയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്ലാറ്റ്‌ഫോമുകൾ വരുത്തിവെക്കുന്ന അപകടസാധ്യതകൾ എന്തൊക്കെയാണെന്ന് വിലയിരുത്താനും അവ എങ്ങനെ പരിഹരിക്കാമെന്ന് കൃത്യമായി റിപ്പോർട്ട് ചെയ്യാനും ഇനിമുതൽ കമ്പനികൾ ബാധ്യസ്ഥരായിരിക്കും.
അതേസമയം, നിയമലംഘനം നടത്തിയാൽ കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ യാതൊരുവിധ പിഴയോ ശിക്ഷയോ ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഈ നീക്കം എളുപ്പത്തിൽ നടപ്പിലാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സഖ്യകക്ഷികളായ എ.സി.ടി പാർട്ടിയും എൻസെഡ് ഫസ്റ്റ് പാർട്ടിയും ഈ ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ആസ്ട്രേലിയയിൽ സമാനമായ നിയമം നടപ്പിലാക്കിയെങ്കിലും അത് വലിയ പരാജയമായിരുന്നുവെന്നും, കുട്ടികൾ എങ്ങനെയെങ്കിലും ഈ വിലക്കുകൾ മറികടക്കുമെന്നുമാണ് എൻസെഡ് ഫസ്റ്റ് വ്യക്തമാക്കുന്നത്. പ്രതിപക്ഷമായ ലേബർ പാർട്ടിയാകട്ടെ, പ്രായം എങ്ങനെ സ്ഥിരീകരിക്കുമെന്നതുൾപ്പെടെയുള്ള വിവിധ സംശയങ്ങൾ ഉന്നയിച്ച ശേഷമേ നിലപാട് വ്യക്തമാക്കൂ എന്ന് അറിയിച്ചിട്ടുണ്ട്.
കുട്ടികളെ ഓൺലൈൻ ഭീഷണികളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാൻ ലോകരാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കുമ്പോൾ, ഇതിന്റെ പ്രായോഗിക വിജയം എത്രത്തോളമായിരിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.