വാഷിങ്ടൺ: കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള റെയ്ഡിനെതിരായ ലോസ് ആഞ്ജലസിലെ പ്രതിഷേധത്തിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രതിഷേധത്തിന്‍റെ പേരിൽ കലാപമുണ്ടായാൽ അടിച്ചമർത്താൻ കലാപനിയമം നടപ്പാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാർ രാജ്യത്തെ വെറുക്കുന്നവരാണെന്നും സുരക്ഷാസേനയെ എതിർക്കാൻ ശ്രമിച്ചാൽ ശക്തമായ രീതിയിൽ പ്രതിരോധിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ലോസ് ആഞ്ജലസിലെ പ്രതിഷേധം അമർച്ച ചെയ്യാൻ 700 മറൈനുകളെ അധികമായി വിന്യസിച്ചതിനെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു.
അതേസമയം, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ലോസ് ആഞ്ജലസിൽ കർഫ്യൂ പ്രഖ്യാപിച്ചു. തീവെപ്പ്, കൊള്ള എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മേയർ കാരന്‍ ബാസ് ലോസ് ആഞ്ജലസിലെ വിവിധ സ്ഥലങ്ങളിൽ കർഫ്യൂ നടപ്പാക്കിയത്.
ഡെമോക്രാറ്റുകൾ ഭരിക്കുന്ന കാലിഫോർണിയ സംസ്ഥാനവും ഫെഡറൽ ഭരണകൂടവും തമ്മിലെ അസ്വാരസ്യം ഡോണൾഡ് ട്രംപ് സൈനിക വിന്യാസം നടത്തിയതിന് പിന്നാലെ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള റെയ്ഡിനെതിരായ പ്രതിഷേധം അടിച്ചമർത്താനായി 2,000 നാഷനൽ ഗാർഡുകളെയും നാവികസേനയുടെ ഭാഗമായ 700ഓളം മറൈനുകളെയുമാണ് പുതുതായി വിന്യസിപ്പിക്കുന്നത്.
ഇതോടെ ലോസ് ആഞ്ജലസിൽ വിന്യസിക്കുന്ന നാഷനൽ ഗാർഡുമാരുടെ എണ്ണം 4,000 ആയി ഉയരും. നഗരത്തിലെ കൂലിത്തൊഴിലാളികൾ, വസ്ത്രനിർമാണ തൊഴിലാളികൾ, റസ്റ്റാറന്റ് ജീവനക്കാർ, ഇവരുടെ ഏജന്റുമാർ എന്നിവരെയാണ് റെയ്ഡിൽ വ്യാപകമായി അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ജനം തെരുവിലിറങ്ങിയതോടെ ഫെഡറൽ അധികാര പ്രയോഗവുമായി ട്രംപ് സൈന്യത്തെ ഇറക്കുകയായിരുന്നു. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ നാഷനൽ ഗാർഡുകളെ വിന്യസിപ്പിക്കാൻ യു.എസ് പ്രസിഡന്‍റ് ഉത്തരവിടുന്നത്.
ട്രംപിന്‍റെ നടപടി തദ്ദേശീയ ജനതക്കെതിരായ നീക്കമാണെന്ന് കുറ്റപ്പെടുത്തി കാലിഫോർണിയ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഗവർണർ ന്യൂസം, ട്രംപ് നീക്കത്തിനെതിരെ കോടതിയിൽ കഴിഞ്ഞ ദിവസം പരാതി നൽകുകയും ചെയ്തു. സംസ്ഥാനത്ത് സൈന്യത്തെ ഇറക്കേണ്ട കലാപ സാഹചര്യങ്ങളില്ലെന്നും സൈനിക ഇടപെടൽ പ്രശ്നം രൂക്ഷമാക്കിയതായും വ്യക്തമാക്കി. പ്രസിഡന്‍റ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി അരക്ഷിതത്വവും പ്രതിസന്ധിയും സൃഷ്ടിക്കുകയാണെന്ന് കേസ് ഫയൽ ചെയ്ത കാലിഫോർണിയ അറ്റോണി ജനറൽ റോബ് ബോന്‍റ കുറ്റപ്പെടുത്തി.
അതേസമയം, പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ന്യൂയോർക്, ഷികാഗോ, ഡാളസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.